ക്വാണ്ടസ് നെറ്റ്‌വർക്കിൽ മാത്രം ഏകദേശം 95 സർവീസുകൾ വൈകി.  (Picture: NewsWire / Flavio Brancaleone)
New South Wales

സിഡ്നി വിമാനത്താവളത്തിൽ വീണ്ടും വിമാന സർവീസുകൾ വൈകുന്നു; 150ലേറെ സർവീസുകളെ ബാധിച്ചു

Airservices Australia നേരിടുന്ന പ്രവർത്തനപരമായ പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എയർലൈൻസ് ഫോർ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബെക്കറ്റ് പറഞ്ഞു.

Safvana Jouhar

സിഡ്നി: എയർ ട്രാഫിക് നിയന്ത്രണങ്ങളെയും ജീവനക്കാരുടെ റോസ്റ്റർ പ്രശ്നങ്ങളെയും തുടർന്ന് സിഡ്നി വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് വ്യാപക വൈകലുകൾ. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലായി 150ലേറെ വിമാന സർവീസുകളെ ഇന്ന് രാവിലെ പ്രശ്നം ബാധിച്ചതായി എയർലൈൻ വ്യവസായ സംഘടന അറിയിച്ചു. ക്വാണ്ടസ് നെറ്റ്‌വർക്കിൽ മാത്രം ഏകദേശം 95 സർവീസുകൾ വൈകി. ഇതിൽ 25ഓളം QantasLink സർവീസുകളും ഉൾപ്പെടുന്നു. സിഡ്നിയിലേക്കും സിഡ്നിയിൽ നിന്ന് പുറപ്പെടുന്നതുമായ ചില Virgin Australia സർവീസുകളെയും വൈകൽ ബാധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സഞ്ചാര നിരക്ക് കുറച്ചതായും ഇത് രാജ്യത്തെ വിവിധ വിമാന സർവീസുകളുടെ സമയക്രമത്തെ ബാധിക്കാനിടയുണ്ടെന്നും സിഡ്നി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരങ്ങൾ ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് പരിശോധിക്കണമെന്ന് വിമാനത്താവള വക്താവ് നിർദേശിച്ചു.

എയർലൈൻസ് ഫോർ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബെക്കറ്റ്

കൺട്രോൾ ടവറിൽ ജീവനക്കാരുടെ കുറവ്

Airservices Australia നേരിടുന്ന പ്രവർത്തനപരമായ പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എയർലൈൻസ് ഫോർ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബെക്കറ്റ് പറഞ്ഞു. സിഡ്നി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ ആവശ്യത്തിന് ജീവനക്കാരെ ഡ്യൂട്ടിയിൽ വിന്യസിക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന് രാവിലെ 150ലേറെ വിമാനങ്ങൾ വൈകിയെന്ന്," ബെക്കറ്റ് പറഞ്ഞു. ജീവനക്കാരുടെ റോസ്റ്റർ പരിമിതികൾ കാരണം സിഡ്നി വിമാനത്താവളത്തിൽ വിമാനങ്ങളുടെ പുറപ്പെടൽ ഇടവേളകൾ ക്രമീകരിച്ചതായി Airservices Australia സ്ഥിരീകരിച്ചു. ഈ നിയന്ത്രണങ്ങൾ വിമാന സർവീസുകളുടെ സമയക്രമത്തിൽ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും യാത്രക്കാരെ ബാധിക്കുന്ന ആഘാതം കുറയ്ക്കാൻ എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ എയർ ട്രാഫിക് കൺട്രോളർമാരെ പരിശീലിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ജീവനക്കാരുടെ ലഭ്യത വർധിപ്പിക്കുന്നതിനായി റോസ്റ്ററിംഗ് പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും Airservices Australia വ്യക്തമാക്കി. സിഡ്നി ഓസ്ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായതിനാൽ ഇവിടെ ഉണ്ടാകുന്ന വൈകലുകൾ രാജ്യത്തെ ആഭ്യന്തര, രാജ്യാന്തര വിമാന ശൃംഖലയിലുടനീളം പ്രതിഫലിക്കുമെന്ന് ബെക്കറ്റ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയും സിഡ്നി വിമാനത്താവളത്തിൽ സമാനമായ എയർ ട്രാഫിക് നിയന്ത്രണങ്ങളെ തുടർന്ന് വിമാന സർവീസുകൾക്ക് വലിയ വൈകലുണ്ടായിരുന്നു. ചില വിമാനങ്ങൾ ഒരു മണിക്കൂറിലേറെ റൺവേയിൽ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. വെള്ളിയാഴ്ച വിമാനത്താവളത്തിന്റെ ശേഷി പിന്നീട് പുനഃസ്ഥാപിച്ചെന്നും കാര്യമായ കൂടുതൽ വൈകലുകൾ പ്രതീക്ഷിക്കുന്നില്ലെന്നും Airservices Australia അറിയിച്ചിരുന്നെങ്കിലും, വീണ്ടും ജീവനക്കാരുടെ റോസ്റ്റർ പ്രശ്നങ്ങൾ വിമാന സർവീസുകളെ ബാധിക്കുകയായിരുന്നു.

SCROLL FOR NEXT