സിഡ്നി: വരും മാസങ്ങളിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള 'സൂപ്പർ എൽ നിനോ' (Super El Niño) പ്രതിഭാസം കാരണം ലോകമെമ്പാടും 4.5 ലക്ഷത്തിലധികം (4,51,000) അധിക മരണങ്ങൾ സംഭവിക്കാമെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബിലെ (Climate Impact Lab) ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇതിൽ ഓസ്‌ട്രേലിയയിൽ മാത്രം 260 അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഈ മാസവും അടുത്ത വർഷം ഫെബ്രുവരിയും തമ്മിലുള്ള കാലയളവിൽ ആഗോള താപനില സാധാരണയേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. സാധാരണ വർഷങ്ങളെ അപേക്ഷിച്ച് കടുത്ത ചൂടുള്ള ദിവസങ്ങളിൽ 44 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിൽ പ്രതികൂല കാലാവസ്ഥ കാരണം 4,51,000 അധിക മരണങ്ങൾ പ്രവചിക്കപ്പെടുമ്പോൾ, അത് അടുത്തിടെ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലെ മരണസംഖ്യയേക്കാൾ 65 മടങ്ങ് കൂടുതലാണ്.
ആഫ്രിക്കയിലും ഏഷ്യയിലും കനത്ത ആഘാതം:
പാവപ്പെട്ട രാജ്യങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുക. ആഫ്രിക്കയിലെ സാഹെൽ (Sahel) മേഖലയിലാണ് ഏറ്റവും വലിയ പ്രഹരമുണ്ടാകുന്നത്. നൈജീരിയയിൽ മാത്രം 31,400 പേർ മരണപ്പെട്ടേക്കാം. ഇൻഡോനേഷ്യ (19,300), സുഡാൻ (17,500), ഇന്ത്യ (15,800), ബ്രസീൽ (13,300) എന്നീ രാജ്യങ്ങളിലും വലിയ മരണസംഖ്യ പ്രവചിക്കപ്പെടുന്നു. എന്നാൽ
സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയിൽ മരണനിരക്ക് കുറവായിരിക്കുമെങ്കിലും ന്യൂ സൗത്ത് വെയിൽസിൽ (NSW) മാത്രം 120 മരണങ്ങൾ പ്രതീക്ഷിക്കുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയ (72), ക്വീൻസ്‌ലാന്റ് (61), വിക്ടോറിയ (13), സൗത്ത് ഓസ്‌ട്രേലിയ (12) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
അടുത്ത 20 വർഷത്തിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള താപനില വ്യതിയാനമാണ് എൽ നിനോ മൂലം ഇപ്പോൾ അനുഭവപ്പെടുന്നത്. മുൻകൂട്ടി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ നമ്മൾ ഈ കടുത്ത ചൂടിലേക്ക് തള്ളപ്പെടുകയാണെന്ന് ഗവേഷകരിൽ ഒരാളായ എമിലി ഗ്രോവർ-കോപെക് പറയുന്നു. തണൽ കേന്ദ്രങ്ങൾ (Cooling centres), കുടിവെള്ള കേന്ദ്രങ്ങൾ (Hydration stations), മുൻകൂട്ടിയുള്ള ചൂട് മുന്നറിയിപ്പുകൾ, ദുർബല വിഭാഗങ്ങളിലേക്കുള്ള ആരോഗ്യ സഹായങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കിയാൽ പതിനായിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടിന് നേതൃത്വം നൽകിയ ഷിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ഗ്രീൻസ്റ്റോൺ പറഞ്ഞു.