ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തിങ്കളാഴ്ച സിഡ്‌നി സന്ദർശിക്കുന്നതിന്റെ മുന്നോടിയായി ന്യൂ സൗത്ത് വെയ്‌ൽസ് പോലീസിന് പ്രത്യേക അധികാരങ്ങൾ നൽകി. കഴിഞ്ഞ മാസം ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. സന്ദർശന വേളയിൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും സമാധാനം പാലിക്കണമെന്നും എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് അഭ്യർത്ഥിച്ചു
പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് പലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധ റാലികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടൗൺ ഹാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ക്രമസമാധാന പാലനത്തിനായി സ്റ്റേഡിയങ്ങളിൽ മാത്രം സാധാരണ ഉപയോഗിക്കാറുള്ള കർശനമായ നിയമങ്ങൾ നഗരമധ്യത്തിലും നടപ്പിലാക്കാൻ പോലീസിന് അനുമതി നൽകി. സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രതിഷേധക്കാർ സമരവേദി മാറ്റണമെന്ന് പോലീസ് നിർദ്ദേശിച്ചെങ്കിലും പലസ്തീൻ ആക്ഷൻ ഗ്രൂപ്പ് (PAG) ഇത് നിരസിച്ചിട്ടുണ്ട്. ഇസ്രായേൽ-പലസ്തീൻ വിഷയത്തിലെ തർക്കങ്ങൾ ഓസ്‌ട്രേലിയയിലെ തെരുവുകളിൽ അക്രമത്തിന് കാരണമാകരുതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസും വ്യക്തമാക്കി.