സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ലിവർപൂളിൽ യൂണിറ്റ് ബ്ലോക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. വെടിയുതിർത്തയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാണ് ചാൾസ് സ്ട്രീറ്റിലെ യൂണിറ്റ് ബ്ലോക്കിൽ വെടിവെപ്പ് നടന്നതായി അടിയന്തര സേവനങ്ങൾക്ക് വിവരം ലഭിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് 32കാരന് കാലിൽ വെടിയേറ്റതായി കണ്ടെത്തി. പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ നിലവിലെ ആരോഗ്യനില വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും യൂണിറ്റ് ബ്ലോക്കിൽ ക്രൈം സീൻ സ്ഥാപിക്കുകയും ചെയ്തു. വെടിവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങളോ സംഭവസ്ഥലത്തെ ദൃശ്യങ്ങളോ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. അന്വേഷണം തുടരുകയാണ്.