പ്രശസ്തമായ ബുഫെ റെസ്റ്റോറന്റ് ശൃംഖലയായ 'സിസ്‌ലർ' (Sizzler) ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് 2020-ൽ പൂട്ടിയ ഈ ഐക്കണിക് റെസ്റ്റോറന്റ് സിഡ്‌നി എയർപോർട്ടിന് സമീപമുള്ള പുതിയ എൻ.എച്ച് കളക്ഷൻ ഹോട്ടലിലൂടെയാണ് (NH Collection Hotel) പുനരാരംഭിക്കുന്നത്. സ്റ്റീക്ക്, സീഫുഡ് കോംബോകൾക്കും അൺലിമിറ്റഡ് സാലഡ് ബാറിനും പേരു കേട്ട സിസ്‌ലറുടെ വരവ് വലിയ ആവേശത്തോടെയാണ് ഓസ്‌ട്രേലിയക്കാർ സ്വീകരിച്ചിരിക്കുന്നത്.
മൈനർ ഹോട്ടൽസ് (Minor Hotels) ഗ്രൂപ്പിന് കീഴിലാണ് ഈ രണ്ടാം വരവ്. സിഡ്‌നിക്ക് പിന്നാലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും റെസ്റ്റോറന്റുകൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മൈനർ ഹോട്ടൽസ് ചെയർമാൻ ബിൽ ഹൈനെക്കെ വ്യക്തമാക്കി. 1985-ൽ ബ്രിസ്‌ബേനിലാണ് സിസ്‌ലർ തങ്ങളുടെ ആദ്യ ഓസ്‌ട്രേലിയൻ ശാഖ തുടങ്ങിയത്. ജന്മദിനാഘോഷങ്ങൾക്കും കുടുംബസംഗമങ്ങൾക്കും പ്രിയപ്പെട്ട ഇടമായിരുന്ന ഈ റെസ്റ്റോറന്റിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയയിൽ പഴയകാല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ആരാധകർ ആഘോഷമാക്കുകയാണ്