സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗികമായി പകരുന്ന അണുബാധകളുടെ നിരക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ 50 ശതമാനത്തിലധികം വർധിച്ചതായി പുതിയ റിപ്പോർട്ട്. സ്ത്രീകളിൽ സിഫിലിസ് കേസുകളിലുണ്ടായ വലിയ വർധനയാണ് ആരോഗ്യവിദഗ്ധരിൽ പ്രത്യേക ആശങ്ക ഉയർത്തുന്നത്. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ കിർബി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2025ൽ രാജ്യത്ത് 42,393 ഗൊണോറിയ കേസുകളും 5,986 സാംക്രമിക സിഫിലിസ് കേസുകളും റിപ്പോർട്ട് ചെയ്തു. പത്ത് വർഷത്തിനിടെ ഗൊണോറിയ കേസുകളിൽ 57 ശതമാനവും സിഫിലിസിൽ 56 ശതമാനവും വർധന രേഖപ്പെടുത്തി.
ചികിത്സ ലഭിക്കാതെ പോയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയൽ അണുബാധകളാണ് ഗൊണോറിയയും സിഫിലിസും. എന്നാൽ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രണ്ടും ഭേദമാക്കാനാകുമെന്ന് വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഗൊണോറിയ കേസുകളിൽ 73 ശതമാനവും സിഫിലിസ് കേസുകളിൽ 78 ശതമാനവും പുരുഷന്മാരിലായിരുന്നു. അതേസമയം സ്ത്രീകളിലെ സിഫിലിസ് നിരക്കിൽ 167 ശതമാനം വർധന രേഖപ്പെടുത്തി. പുരുഷന്മാരിൽ ഇത് 39 ശതമാനമായിരുന്നു. സ്ത്രീകളിലെ വർധനയിൽ നിന്ന് ഭിന്നലിംഗ ലൈംഗികബന്ധത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നതായി സൂചന ലഭിക്കുന്നുവെന്ന് വിദഗ്ധർ പറഞ്ഞു.
ഗർഭകാലത്തെ സിഫിലിസ് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതിനാൽ സ്ത്രീകളിലെ വർധന അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കിർബി ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. സ്കൈ മക്ഗ്രിഗർ പറഞ്ഞു. ഗർഭം അലസൽ, പ്രസവത്തിന് മുമ്പുള്ള കുഞ്ഞിന്റെ മരണം, ജന്മനാ സിഫിലിസ്, ശിശുമരണം എന്നിവയ്ക്ക് രോഗം കാരണമാകാം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ 113 ജന്മനാ സിഫിലിസ് കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ 40 കുഞ്ഞുങ്ങൾ മരിച്ചതായും അവർ പറഞ്ഞു. ഇതിൽ പകുതിയോളം കേസുകളും അബോറിജിനൽ, ടോറസ് സ്ട്രെയിറ്റ് ഐലൻഡർ വിഭാഗങ്ങളിൽപ്പെട്ട കുഞ്ഞുങ്ങളിലായിരുന്നു.
തദ്ദേശീയ ഓസ്‌ട്രേലിയക്കാരിലും ലൈംഗികമായി പകരുന്ന അണുബാധകളുടെ നിരക്ക് മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഗൊണോറിയ ഇവരിൽ നാല് മടങ്ങിലേറെയും സിഫിലിസ് ആറിരട്ടിയിലേറെയും നിരക്കിലാണ് കണ്ടെത്തുന്നത്. പ്രത്യേകിച്ച് ഗ്രാമീണ, വിദൂര മേഖലകളിൽ സാംസ്കാരികമായി സുരക്ഷിതമായ ലൈംഗികാരോഗ്യ സേവനങ്ങളും പരിശോധനയും ചികിത്സയും എളുപ്പത്തിൽ ലഭ്യമാക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ലൈംഗികാരോഗ്യ പരിശോധനകളിൽ കുറവുണ്ടായിരുന്നുവെന്നും എല്ലാവരും വീണ്ടും പതിവ് പരിശോധനകളിലേക്ക് മടങ്ങേണ്ടതുണ്ടെന്നും മക്ഗ്രിഗർ പറഞ്ഞു. ലൈംഗികാരോഗ്യം പൊതുവായ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും അവർ വ്യക്തമാക്കി. പുതിയ ലൈംഗിക പങ്കാളികളുമായുള്ള ബന്ധത്തിൽ കോണ്ടം ഉപയോഗിക്കുന്നത് പ്രധാന പ്രതിരോധ മാർഗമാണെങ്കിലും, രോഗനിർണയം നേരത്തെ നടത്തുക, ചികിത്സ സ്വീകരിക്കുക, ചികിത്സയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്തുക എന്നിവയും രോഗവ്യാപനം തടയുന്നതിൽ നിർണായകമാണെന്ന് വിദഗ്ധർ പറഞ്ഞു.