വെള്ളിയാഴ്ച പുലർച്ചെ നഗരത്തിലെ റെഡ്ഫേൺ മേഖലയിൽ 1.30ഓടെയാണ് അപകടമുണ്ടായത്.  (Sam Mooy/SMH)
New South Wales

സിഡ്നിയിൽ പൊലീസ് പട്രോൾ വാഹനം മരത്തിലിടിച്ച് വനിതാ കോൺസ്റ്റബിൾ മരിച്ചു

വനിതാ ഉദ്യോഗസ്ഥയുടെ മരണത്തിൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് അനുശോചനം രേഖപ്പെടുത്തി.

Safvana Jouhar

സിഡ്നിയിൽ പൊലീസ് പട്രോൾ വാഹനം മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നഗരത്തിലെ റെഡ്ഫേൺ മേഖലയിൽ 1.30ഓടെയാണ് അപകടമുണ്ടായത്. അടിയന്തര സന്ദേശത്തെ തുടർന്ന് സ്ഥലത്തേക്ക് പോകുകയായിരുന്ന പൊലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. വനിതാ കോൺസ്റ്റബിളും വാഹനം ഓടിച്ചിരുന്ന സഹപ്രവർത്തകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വനിതാ ഉദ്യോഗസ്ഥ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ പുരുഷ ഉദ്യോഗസ്ഥനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് പൊലീസ് ക്രൈം സീൻ സ്ഥാപിക്കുകയും സംഭവം ക്രിട്ടിക്കൽ ഇൻസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. ഗിബ്സൺ സ്ട്രീറ്റിൽ നഗരഭാഗത്തേക്കുള്ള ഗതാഗതവും റെജന്റ് സ്ട്രീറ്റിലെയും ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥയുടെ മരണത്തിൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് അനുശോചനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പമാണ് താനെന്നും പരിക്കേറ്റ ഉദ്യോഗസ്ഥനെയും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയവരെയും ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൊലീസ് ആൻഡ് കൗണ്ടർ ടെററിസം മന്ത്രി യാസ്മിൻ കാറ്റ്ലിയും ദുഃഖം രേഖപ്പെടുത്തി. പൊലീസ് സേനയിലെ ഒരാളെ നഷ്ടപ്പെട്ടതിൽ മുഴുവൻ പൊലീസ് കുടുംബവും ദുഃഖത്തിലാണെന്ന് അവർ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ഡാഷ്‌കാം ദൃശ്യങ്ങളോ മൊബൈൽ ഫോൺ ദൃശ്യങ്ങളോ കൈവശമുള്ളവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT