സിഡ്നിയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ നോർവെസ്റ്റിൽ (Norwest) 11 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഹിൽസ് ഡിസ്ട്രിക്റ്റിലെ ഫെയർവേ ഡ്രൈവിലുള്ള (Fairway Drive) വീടിനുള്ളിലാണ് സംഭവം നടന്നത്. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ, സംഭവസ്ഥലത്തെത്തിയ പാരമെഡിക്സ് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പ് നടക്കുമ്പോൾ കുട്ടിയെക്കൂടാതെ അഞ്ചുപേർ കൂടി വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് (NSW) പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന് മുകളിൽ പോലീസ് ഹെലികോപ്റ്റർ നിരീക്ഷണം നടത്തുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ റയറ്റ് സ്ക്വാഡിനെയും (Riot Squad) രംഗത്തിറക്കിയിട്ടുണ്ട്. ആളുകൾ ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്തും സമീപത്തെ സ്കൂളിൽ നിന്ന് കുട്ടികൾ മടങ്ങിയ ഉടനുമാണ് ഈ അടിയന്തര സാഹചര്യം ഉണ്ടായത്.
സംഭവത്തിൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.