New South Wales

‘യുദ്ധക്കുറ്റങ്ങൾ’ എന്ന പേരിൽ സപ്ലിമെന്റ് വിറ്റ കമ്പനിക്കൊപ്പം ബെൻ റോബർട്‌സ്-സ്മിത്ത്

സീറോ ലിമിറ്റ്സ് ‘വാർ ക്രൈംസ്’ എന്ന പേരിലുള്ള എനർജി സപ്ലിമെന്റ് സമൂഹമാധ്യമങ്ങളിലൂടെ ആവർത്തിച്ച് പ്രചരിപ്പിച്ചിരുന്നു. ‘കിൽ ഓർ ക്യാപ്ചർ കോള’ എന്ന രുചിയിലായിരുന്നു ഉൽപ്പന്നം.

Safvana Jouhar

ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതൽ സൈനിക ബഹുമതികൾ നേടിയ ജീവിച്ചിരിക്കുന്ന സൈനികരിൽ ഒരാളായ ബെൻ റോബർട്‌സ്-സ്മിത്ത്, ‘വാർ ക്രൈംസ്’ (War Crimes) എന്ന പേരിൽ പ്രീ-വർക്ക്ഔട്ട് ഉൽപ്പന്നം പുറത്തിറക്കിയിരുന്ന ജിം സപ്ലിമെന്റ് കമ്പനിയുമായി സഹകരിച്ചതായി റിപ്പോർട്ട്. വലതുപക്ഷ പോഡ്കാസ്റ്ററും ഫിറ്റ്നസ് പരിശീലകനുമായ ക്രിസ് കാറ്റെലാരിസ് സഹ ഉടമയായ സീറോ ലിമിറ്റ്സ് എന്ന കമ്പനിയാണ് വിവാദ ഉൽപ്പന്നം പുറത്തിറക്കിയത്.

നിലവിൽ യുദ്ധക്കുറ്റക്കേസുകളിൽ വിചാരണ കാത്തിരിക്കുന്ന റോബർട്‌സ്-സ്മിത്ത് അടുത്തിടെ ‘എപ്പിക് 1 ടു’ എന്ന പേരിൽ വസ്ത്ര ബ്രാൻഡ് ആരംഭിച്ചിരുന്നു. ടി-ഷർട്ടുകളും ജിം വസ്ത്രങ്ങളുമാണ് ബ്രാൻഡിലൂടെ പുറത്തിറക്കുന്നത്. ഒക്ടോബറിൽ ഈ ബ്രാൻഡും സീറോ ലിമിറ്റ്സും ചേർന്ന് പുറത്തിറക്കിയ സോഷ്യൽ മീഡിയ വീഡിയോയിൽ റോബർട്‌സ്-സ്മിത്തും കാറ്റെലാരിസും ഉൾപ്പെടെയുള്ളവർ ജിമ്മിൽ വ്യായാമം ചെയ്യുന്നതായി കാണാം. ഇരുബ്രാൻഡുകളെയും വീഡിയോയിൽ സഹകാരികളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് സീറോ ലിമിറ്റ്സ് ‘വാർ ക്രൈംസ്’ എന്ന പേരിലുള്ള എനർജി സപ്ലിമെന്റ് സമൂഹമാധ്യമങ്ങളിലൂടെ ആവർത്തിച്ച് പ്രചരിപ്പിച്ചിരുന്നു. ‘കിൽ ഓർ ക്യാപ്ചർ കോള’ എന്ന രുചിയിലായിരുന്നു ഉൽപ്പന്നം. മുറിക്കുള്ളിൽ കസേരയിൽ ഇരുത്തിയിരിക്കുന്ന മുഖംമൂടിയണിഞ്ഞ തടവുകാരന്റെയും സൈനിക വേഷത്തിലുള്ള മറ്റൊരാളുടെയും ചിത്രങ്ങളാണ് ഉൽപ്പന്നത്തിന്റെ ലേബലിൽ ഉണ്ടായിരുന്നത്. ചുമരിൽ ഓസ്‌ട്രേലിയൻ പതാകയും ചിത്രീകരിച്ചിരുന്നു. ജൂലൈ 26-ന് പുറത്തിറക്കിയ വീഡിയോയിൽ കാറ്റെലാരിസ് ജിമ്മിൽവെച്ച് ഉൽപ്പന്നം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ‘വാർ ക്രൈംസ്’ നിങ്ങളുടെ വ്യായാമത്തിനുള്ള പ്രീ-വർക്ക്ഔട്ട് ഉൽപ്പന്നമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ, നിലവിൽ കമ്പനിയുടെ വെബ്സൈറ്റിൽ ഈ ഉൽപ്പന്നം ലഭ്യമല്ല. റോബർട്‌സ്-സ്മിത്ത് ഈ പ്രത്യേക ഉൽപ്പന്നം ഉപയോഗിക്കുന്നതായോ പ്രോത്സാഹിപ്പിക്കുന്നതായോ തെളിവുകളില്ല. അതേസമയം, കമ്പനിയുടെ മറ്റൊരു പ്രീ-വർക്ക്ഔട്ട് പാനീയം ഉപയോഗിക്കുന്ന ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കണമെന്നും അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച സീറോ ലിമിറ്റ്സ് പോഡ്കാസ്റ്റിലും അദ്ദേഹം പങ്കെടുത്തു.

യുദ്ധക്കുറ്റക്കേസിൽ വിചാരണ കാത്ത്

അഫ്ഗാനിസ്ഥാനിൽ 2009-ലും 2012-ലും സൈനിക സേവനത്തിലിരിക്കെ നടന്ന മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് യുദ്ധക്കുറ്റ കൊലപാതകക്കേസുകളിലാണ് റോബർട്‌സ്-സ്മിത്തിനെതിരെ ആരോപണമുള്ളത്. ഏപ്രിലിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തന്റെ സൈനിക സേവനത്തിൽ അഭിമാനമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. റോബർട്‌സ്-സ്മിത്ത് അഫ്ഗാൻ പൗരന്മാരെ വെടിവെച്ചുകൊന്നതായോ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മറ്റൊരു സൈനികൻ വെടിവെച്ചപ്പോൾ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നതായോ ആരോപണങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഒരു അപകീർത്തിക്കേസിൽ, സിവിൽ നിയമത്തിലെ സാധ്യതകളുടെ അടിസ്ഥാനത്തിൽ, അഫ്ഗാനിസ്ഥാനിൽ നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന കണ്ടെത്തൽ ഫെഡറൽ കോടതി നടത്തിയിരുന്നു. അലി ജാൻ എന്ന അഫ്ഗാൻ പൗരനെ റോബർട്‌സ്-സ്മിത്ത് നെഞ്ചിൽ ചവിട്ടി കൊക്കയിലേക്ക് വീഴ്ത്തിയെന്നും പിന്നീട് മറ്റൊരു സൈനികനോട് വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇത് ക്രിമിനൽ കേസിലെ കുറ്റസ്ഥാപനത്തിന് തുല്യമല്ല. കൃത്രിമക്കാൽ ഉപയോഗിച്ചിരുന്ന നിരായുധനായ അഫ്ഗാൻ തടവുകാരനെ വെടിവെച്ചുകൊന്നെന്ന ആരോപണവും മാധ്യമ റിപ്പോർട്ടുകളിലൂടെ നേരത്തെ പുറത്തുവന്നിരുന്നു. പിന്നീട് ആ കാൽ സൈനികർ മദ്യപാനത്തിനുള്ള പാത്രമായി ഉപയോഗിച്ചെന്ന വിവരങ്ങളും കോടതിയിൽ ഉയർന്നിരുന്നു.

പ്രതികരിക്കാതെ കമ്പനി

റോബർട്‌സ്-സ്മിത്ത്, കാറ്റെലാരിസ്, സീറോ ലിമിറ്റ്സ് എന്നിവരോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ല. കമ്പനിയുടെ അഭിഭാഷകൻ മുഖേന നൽകിയ പ്രസ്താവനയിൽ ഉൽപ്പന്നങ്ങൾ മികച്ചതാണെന്നും അവ പരിശോധിക്കണമെന്നും മാത്രമാണ് അറിയിച്ചത്.

കാറ്റെലാരിസും പ്രത്യേക ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. അടുത്ത ആഴ്ച പുറത്തിറക്കുന്ന പ്രചാരണം ഇതിലും അത്ഭുതപ്പെടുത്തുന്നതായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ സീറോ ലിമിറ്റ്സിന്റെ സഹഉടമയെന്നാണ് കാറ്റെലാരിസ് വിശേഷിപ്പിക്കുന്നത്. റോബർട്‌സ്-സ്മിത്തിനെ പിന്തുണച്ച് ‘ഐ സ്റ്റാൻഡ് വിത്ത് ബിആർഎസ്’ എന്നെഴുതിയ ടി-ഷർട്ടുകൾ, തൊപ്പികൾ, ഹൂഡികൾ തുടങ്ങിയ ഉൽപ്പന്നങ്ങളും അദ്ദേഹം സ്വന്തം പേരിൽ പ്രചരിപ്പിക്കുന്നുണ്ട്.

SCROLL FOR NEXT