ഓസ്‌ട്രേലിയയിലെ പ്രമുഖ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലയായ ഡേവിഡ് ജോൺസിലെ വിൽപ്പന ഇടം പ്രമുഖ ബ്രാൻഡുകൾ വെട്ടിക്കുറയ്ക്കുന്നു. Country Road, Witchery, Mimco എന്നീ ബ്രാൻഡുകൾ ഡേവിഡ് ജോൺസ് സ്റ്റോറുകളിലെ തങ്ങളുടെ പ്രവർത്തന വിസ്തീർണം മൂന്നിലൊന്നിലേറെ കുറയ്ക്കാനാണ് തീരുമാനം. Australian Financial Review റിപ്പോർട്ട് പ്രകാരം, മൂന്ന് ബ്രാൻഡുകളും ചേർന്ന് ഡേവിഡ് ജോൺസ് ശൃംഖലയിലെ 283 ബ്രാൻഡ്-ഓപ്പറേറ്റഡ് കൺസഷൻ ഇടങ്ങളിൽ ഏകദേശം 100 എണ്ണം ഒഴിവാക്കും. മൂന്ന് ബ്രാൻഡുകളും Country Road Group-ന്റെ ഉടമസ്ഥതയിലുള്ളതാണ്. മുൻ ഡേവിഡ് ജോൺസ് ഉടമയായ Woolworths Holdings-ന്റെ ഭാഗമാണ് Country Road Group.
2027ന്റെ തുടക്കത്തിൽ തിരഞ്ഞെടുത്ത ഡേവിഡ് ജോൺസ് സ്റ്റോറുകളിലെ വിൽപ്പന ഇടങ്ങളിൽ മാറ്റം വരുത്തുമെന്ന് Country Road Group അറിയിച്ചു. അതേസമയം, ഡേവിഡ് ജോൺസ് പ്രധാന റീട്ടെയിൽ പങ്കാളിയായി തുടരുമെന്നും ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റോറുകളിൽ സാന്നിധ്യം നിലനിർത്തുമെന്നും കമ്പനി വ്യക്തമാക്കി. ഡേവിഡ് ജോൺസും ബ്രാൻഡ് പങ്കാളികളുമായി സഹകരിച്ച് സ്റ്റോർ ശൃംഖലയിലെ ബ്രാൻഡുകളുടെ സാന്നിധ്യം പുനഃക്രമീകരിക്കുകയാണെന്ന് അറിയിച്ചു. വളർച്ചയ്ക്ക് കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്രാൻഡുകളുടെ സാന്നിധ്യത്തിന് മുൻഗണന നൽകാനാണ് നീക്കം.
ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നുള്ള മത്സരം, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളുടെ ചുരുങ്ങൽ, ഷോപ്പിങ് സെന്ററുകളുടെ വളർച്ച, ജീവിതച്ചെലവ് വർധന, തൊഴിലാളികളുടെ ചെലവ് ഉയരുന്നത് തുടങ്ങിയ ഘടകങ്ങൾ ഡേവിഡ് ജോൺസിന് സമ്മർദം സൃഷ്ടിക്കുന്നതായി മക്വാരി സർവകലാശാലയിലെ റീട്ടെയിൽ ചരിത്രകാരൻ ഡോ. മാത്യു ബെയ്‌ലി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുവ ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിങ്ങിലേക്ക് മാറുന്നതും ഡേവിഡ് ജോൺസിന്റെ പരമ്പരാഗത ഉപഭോക്താക്കൾ വിരമിക്കൽ പ്രായത്തിലേക്ക് നീങ്ങുന്നതും സ്ഥാപനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജനുവരിയിൽ സിഡ്‌നിയിലെ Castle Hill, Tuggerah സ്റ്റോറുകൾ ഡേവിഡ് ജോൺസ് അടച്ചിരുന്നു.