അൾട്രാവയലറ്റ് ലീൻ സ്‌ക്രീൻ എസ്പിഎഫ് 50+ മാറ്റിഫൈയിംഗ് സിങ്ക് സ്‌കിൻസ്‌ക്രീൻ Instagram/@ultravioletteau
Australia

ജനപ്രിയ ഓസ്ട്രേലിയൻ സൺസ്‌ക്രീൻ ബ്രാൻഡ് ഉൽപ്പന്നം പിൻവലിക്കുന്നു

അൾട്രാ വയലറ്റ് ലീൻ/വെൽവെറ്റ് സ്ക്രീൻ ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കുകയും എവിടെനിന്ന് വാങ്ങിയാലും ഉപഭോക്താക്കൾക്ക് റീഫണ്ട് വാഗ്ദാനം ചെയ്യുകയും ചെയ്തു

Elizabath Joseph

സിഡ്നി: ഓസ്ട്രേലിയൻ സൺസ്ക്രീൻ ബ്രാൻഡായ അൾട്രാ വയലറ്റ് (Ultra Violette) തങ്ങളുടെ ഒരു ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിച്ചതായി അറിയിച്ചു. എസ്.പി.എഫ് ടെസ്റ്റിംഗ് ഫലങ്ങളിൽ ഉണ്ടായ ഗൗരവമായ വ്യത്യാസങ്ങൾകാരണമാണ് കമ്പനി ഈ തീരുമാനം എടുക്കുന്നത്. ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുമെന്നും ബ്രാൻഡ് അറിയിച്ചു.

ലീൻ സ്‌ക്രീൻ എസ്പിഎഫ് 50+ മാറ്റിഫൈയിംഗ് സിങ്ക് സ്‌കിൻസ്‌ക്രീനിന് 4 എന്ന എസ്പിഎഫ് റേറ്റിംഗ് നൽകിയെന്ന് ചോയ്‌സ് റിപ്പോർട്ട് ആരോപിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഉത്പന്നം വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. റിപ്പോർട്ട് വന്ന സമയത്ത് അൾട്രാ വയലറ്റ് ചോയ്‌സിന്റെ ഫലങ്ങളെ എതിർക്കുകയും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Read More: ഓസ്‌ട്രേലിയയുടെ ദേശീയ വാർത്താ ഏജൻസിയുമായി സഹകരിക്കാൻ ഗൂഗിൾ

അൾട്രാ വയലറ്റ് ബ്രാൻഡിന്റെ സ്ഥാപകരായ റെബേക്ക ജെഫേർഡും ആവ മാത്യൂസും, ഉൽപ്പന്നം "ഞങ്ങൾ അഭിമാനിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമാകാതിരുന്നതിൽ" ഖേദം പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. "ഒരു സൺസ്ക്രീൻ ബ്രാൻഡ് എന്ന നിലയിൽ, നിങ്ങളുടെ സുരക്ഷ, സംരക്ഷണം, ചർമ്മ ആരോഗ്യം എന്നിയെക്കല്ലാത്തിനും മുകളിലാണ് ഞങ്ങളുടെ ഉത്തരവാദിത്തം," പ്രസ്താവനയിൽ പറയുന്നു.ലീൻ സ്ക്രീനിന്റെ എസ്‌പി‌എഫ് ടെസ്റ്റിംഗ് ഫലങ്ങളിലെ ആശങ്കാജനകമായ വ്യത്യാസം തുടർന്നും അന്വേഷിക്കുമെന്നും അറിയിച്ചു.

ഉൽപ്പന്നത്തിന്റെ ഫലപ്രാപ്തി സ്ഥിരീകരിക്കാൻ ഒന്നിലധികം സ്വതന്ത്ര ലാബുകളിൽ പരിശോധന നടത്തുകയും ഈ പരിശോധനകളിൽ 4, 10, 21, 26, 33, 60, 61, 64 എന്നിങ്ങനെ വ്യത്യസ്ത എസ്‌പി‌എഫ് റേറ്റിംഗുകൾ ലഭിക്കുകയും ചെയ്തിരുന്നു. പരിശോധനകളിലെ അസ്ഥിരതയെ തുടർന്ന്, അൾട്രാ വയലറ്റ് ലീൻ/വെൽവെറ്റ് സ്ക്രീൻ ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. എവിടെനിന്ന് വാങ്ങിയാലും ഉപഭോക്താക്കൾക്ക് റീഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലീൻ സ്ക്രീൻ എസ്‌പി‌എഫ് 50+ മാറ്റിഫൈയിംഗ് സിങ്ക് സ്കിൻസ്ക്രീൻ, സെഫോറ, അഡോർ ബ്യൂട്ടി തുടങ്ങിയ പ്രമുഖ റീട്ടെയ്‌ലർമാർ വഴി വിൽക്കപ്പെട്ടിരുന്നു. ലീൻ സ്ക്രീൻ നിർമ്മിച്ച മൂന്നാം കക്ഷി നിർമ്മാതാവുമായി ഇനി സ്കിൻസ്ക്രീൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കില്ലെന്നും അൾട്രാ വയലറ്റ് പ്രസ്താവിച്ചു. ലീൻ സ്ക്രീൻ മാത്രമാണ് ആ നിർമ്മാതാവ് ബ്രാൻഡിനായി നിർമ്മിച്ച സൺസ്ക്രീൻ എന്നും അവർ അവകാശപ്പെട്ടു.

SCROLL FOR NEXT