കുടിയേറ്റം ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള വൺ നേഷൻ പാർട്ടിയുടെ പദ്ധതി നടപ്പാക്കിയാൽ ഓസ്ട്രേലിയയ്ക്ക് 212 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകാമെന്ന് പുതിയ വിശകലനം. നികുതി അടയ്ക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയുകയും ദേശീയ കടം കുത്തനെ ഉയരുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടി തുടർച്ചയായി മൂന്ന് വർഷം നെറ്റ് കുടിയേറ്റം നെഗറ്റീവാക്കാനുള്ള പദ്ധതിയാണ് മുന്നോട്ടുവെക്കുന്നത്. ദ സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്ത വിശകലനമനുസരിച്ച്, ഈ പദ്ധതി അടുത്ത പത്ത് വർഷത്തിനിടെ രാജ്യത്തിന്റെ കടത്തിൽ 275 ബില്യൺ ഡോളർ അധികമായി ചേർത്തേക്കാം. അടുത്ത ദശകത്തിന്റെ മധ്യത്തോടെ വൺ നേഷൻ പദ്ധതിയുടെ ഭാഗമായി ശമ്പളത്തോടെയുള്ള ജോലികളിൽ ഏർപ്പെടുന്നവരുടെ എണ്ണം 8.2 ലക്ഷം കുറയാമെന്നാണ് കണക്ക്. ഇതോടെ വ്യക്തിഗത വരുമാന നികുതി, കമ്പനി നികുതി, ജിഎസ്ടി എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുറവുണ്ടാകും. അടുത്ത പത്ത് വർഷത്തേക്കെങ്കിലും ഫെഡറൽ ബജറ്റ് കമ്മിയിൽ തുടരുമെന്നും വിശകലനം പ്രവചിക്കുന്നു. നിലവിലെ സർക്കാർ നയങ്ങൾ തുടരുകയാണെങ്കിൽ അടുത്ത ദശകത്തിന്റെ മധ്യത്തോടെ രാജ്യത്തിന്റെ മൊത്തം കടം ഏകദേശം 1.4 ട്രില്യൺ ഡോളറിലെത്തും. വൺ നേഷൻ പദ്ധതിയനുസരിച്ചുള്ള കുടിയേറ്റ നിരക്കിൽ കടം 1.67 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് കണക്ക്.
സഖ്യകക്ഷികളുടെ പദ്ധതിക്കും ചെലവേറും
കുടിയേറ്റം കുറയ്ക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പദ്ധതിക്കും വലിയ സാമ്പത്തിക ചെലവുണ്ടാകാമെന്നാണ് വിശകലനം. നെറ്റ് കുടിയേറ്റം ആദ്യം ഒരു ലക്ഷമായി കുറയ്ക്കുകയും പിന്നീട് 1.6 ലക്ഷമായി ഉയർത്തുകയും ചെയ്യുന്നതാണ് പദ്ധതി. നിലവിലെ കുടിയേറ്റക്കാരുടെ ഘടന അതേപടി തുടരുകയാണെങ്കിൽ പത്ത് വർഷത്തിനുള്ളിൽ 4.3 ലക്ഷം തൊഴിലാളികൾ കുറയുകയും രാജ്യത്തിന്റെ കടത്തിൽ 150 ബില്യൺ ഡോളർ അധികമായി ചേരുകയും ചെയ്യാം.
വൺ നേഷൻ പദ്ധതിയെ നാഷണൽസ് എംപി ഡേവിഡ് ലിറ്റിൽപ്രൗഡ് വിമർശിച്ചു. കുടിയേറ്റം കുറയ്ക്കണമെന്നത് മാത്രം നല്ല നയമാകില്ലെന്നും രാജ്യത്തിന് ആവശ്യമായ കഴിവുകളുള്ളവരെ മുൻഗണന നൽകി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റം രാജ്യത്തിന് ഗുണകരമാകുന്ന രീതിയിൽ ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി നൈപുണ്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് സഖ്യത്തിന്റെ പദ്ധതി. പാർലമെന്ററി ബജറ്റ് ഓഫീസ് നടത്തിയതും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമായ സ്വന്തം വിശകലനം, സഖ്യത്തിന്റെ നയം നാല് വർഷത്തിനുള്ളിൽ ബജറ്റ് നിലയിൽ 260 മില്യൺ ഡോളറിന്റെയും പത്ത് വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളറിന്റെയും മെച്ചമുണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം, വെസ്റ്റേൺ സിഡ്നി വിമൻ സിഇഒ അമാൻഡ റോസ് ചൂണ്ടിക്കാട്ടിയത് മറ്റൊരു പ്രശ്നമാണ്. ആവശ്യമായ യോഗ്യതകളോടെ ഓസ്ട്രേലിയയിലെത്തുന്ന വിദഗ്ധ കുടിയേറ്റക്കാർക്ക് അവരുടെ മേഖലയിൽ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് അവർ പറഞ്ഞു. കുടിയേറ്റത്തെ വെറുമൊരു സാമ്പത്തിക നയമായി കാണാനാകില്ലെന്നും ശരിയായ ആളുകൾക്ക് അനുയോജ്യമായ ജോലിയും അവസരങ്ങളും ഉറപ്പാക്കണമെന്നും റോസ് അഭിപ്രായപ്പെട്ടു.
ലേബർ സർക്കാരിന്റെ ലക്ഷ്യം 2.25 ലക്ഷം
നെറ്റ് വിദേശ കുടിയേറ്റം 2.25 ലക്ഷമായി കുറയ്ക്കാനാണ് ലേബർ സർക്കാരിന്റെ ലക്ഷ്യം. രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും വർക്കിങ് ഹോളിഡേ വിസകളും വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കുള്ള വിസകളും കുറയ്ക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. മറുവശത്ത്, വൺ നേഷൻ മൂന്ന് വർഷം നെഗറ്റീവ് നെറ്റ് കുടിയേറ്റം നടപ്പാക്കിയശേഷം പ്രതിവർഷം പരമാവധി 1.3 ലക്ഷം പേരെ മാത്രമേ അനുവദിക്കാവൂ എന്നാണ് ആവശ്യപ്പെടുന്നത്. നിലവിലെ സർക്കാർ നയങ്ങൾ പ്രകാരം അടുത്ത പത്ത് വർഷത്തിനിടെ മൊത്തം ബജറ്റ് കമ്മി 108 ബില്യൺ ഡോളറായിരിക്കുമെന്നാണ് വിശകലനത്തിന്റെ പ്രവചനം. സഖ്യത്തിന്റെ പദ്ധതിയനുസരിച്ച് ഇത് 262 ബില്യൺ ഡോളറായും വൺ നേഷൻ പദ്ധതിയിൽ 391 ബില്യൺ ഡോളറായും ഉയരാം.