ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്  (Picture: Supplied)
Australian Capital Territory

‘ഒരു രാജ്യവും ആധിപത്യം ചെയ്യാത്ത ലോകം വേണം’; യുഎൻ പൊതുസഭയിൽ അൽബനീസ്

ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങൾക്കോ വലിയ രാജ്യങ്ങൾക്കോ ഏറ്റവും ശക്തമായ ശബ്ദങ്ങൾക്കോ മാത്രം യുഎന്നിന്റെ പ്രവർത്തനം ഏൽപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Safvana Jouhar

ന്യൂയോർക്ക്: ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആധിപത്യം ചെയ്യാത്ത, ഒരു രാജ്യവും മറ്റൊന്നിന്റെ ആധിപത്യത്തിന് കീഴിലാകാത്ത ലോകമാണ് ആവശ്യമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തിയും ബലപ്രയോഗവും മാത്രം അടിസ്ഥാനമാക്കിയല്ല, നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള ലോകമാണ് സുരക്ഷിതമെന്ന് അൽബനീസ് പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങൾക്കോ വലിയ രാജ്യങ്ങൾക്കോ ഏറ്റവും ശക്തമായ ശബ്ദങ്ങൾക്കോ മാത്രം യുഎന്നിന്റെ പ്രവർത്തനം ഏൽപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2029–30 കാലയളവിലേക്ക് യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗത്വത്തിനായി ഓസ്‌ട്രേലിയ നടത്തുന്ന ശ്രമവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. അംഗത്വം ലഭിച്ചാൽ എല്ലാ രാജ്യങ്ങളെയും തുല്യ പങ്കാളികളായി പരിഗണിക്കുകയും അന്താരാഷ്ട്ര നിയമവും യുഎൻ ചാർട്ടറും സംരക്ഷിക്കുകയും ചെയ്യുമെന്ന് അൽബനീസ് പറഞ്ഞു.

ചെറിയ രാജ്യങ്ങളുടെയും ഇടത്തരം ശക്തികളുടെയും ശബ്ദം സുരക്ഷാ കൗൺസിലിൽ കൂടുതൽ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികൾ തടയാനും സംഘർഷങ്ങൾ പരിഹരിക്കാനും സാധാരണ ജനങ്ങളെ സംരക്ഷിക്കാനും നയതന്ത്രം, സമാധാനനിർമാണം, പ്രായോഗിക നടപടികൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡോ-പസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് സമ്മർദങ്ങളില്ലാതെ സ്വന്തം ഭാവി തീരുമാനിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അൽബനീസ് ചൂണ്ടിക്കാട്ടി. സാമ്പത്തിക സുരക്ഷ, ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം, ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ എന്നിവയിൽ രാജ്യങ്ങളുടെ സ്വയംപര്യാപ്തത ശക്തിപ്പെടുത്താൻ ഓസ്‌ട്രേലിയ പങ്കാളിത്തം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ വ്യാപാര തർക്കങ്ങളും താരിഫ് നടപടികളും തുടരുന്നതിനിടെയാണ് അൽബനീസിന്റെ പ്രസംഗം. തർക്കങ്ങൾ ശക്തിപ്രയോഗത്തിലൂടെയല്ല, നിയമങ്ങളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

SCROLL FOR NEXT