ഓസ്ട്രേലിയയിലെ നാഷണൽ ഓസ്ട്രേലിയ ബാങ്ക് (NAB) 2027 പകുതിയോടെ 2,500 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ബാങ്കിന്റെ ആകെ ജീവനക്കാരുടെ ഏകദേശം ആറ് ശതമാനമാണിത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 1,500 വരെ തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്നും ബാങ്ക് അറിയിച്ചു. പ്രഖ്യാപനത്തിനെതിരെ ബാങ്ക് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫിനാൻസ് സെക്ടർ യൂണിയൻ (FSU) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ക്രിസ്മസിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തൊഴിൽശക്തികളിലൊന്നിൽനിന്ന് ആറ് ശതമാനം ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം അപമാനകരമാണെന്ന് യൂണിയന്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി നിക്കോൾ മക്ഫേഴ്സൺ പറഞ്ഞു. ജീവനക്കാർ നേരിടുന്ന യഥാർഥ സാഹചര്യങ്ങളിൽനിന്ന് ബാങ്ക് നേതൃത്വം പൂർണമായും അകന്നുനിൽക്കുന്നതാണ് ഈ തീരുമാനമെന്നും അവർ ആരോപിച്ചു. സ്ഥിരം ജീവനക്കാരെ കുറയ്ക്കുന്നതിനൊപ്പം കൺസൾട്ടന്റുമാരെയും പുറംകരാർ ജീവനക്കാരെയും ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.
പ്രവർത്തനരീതി ലളിതമാക്കാനും ഉപഭോക്താക്കൾക്കായുള്ള വളർച്ചാ-സാങ്കേതികവിദ്യാ പദ്ധതികൾക്ക് മുൻഗണന നൽകുന്ന തരത്തിൽ ജീവനക്കാരുടെ വിന്യാസം ക്രമീകരിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ഓസ്ട്രേലിയൻ ഓഹരി വിപണിയായ എഎസ്എക്സിന് (ASX) നൽകിയ പ്രസ്താവനയിൽ ബാങ്ക് വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായി നികുതിക്ക് മുമ്പ് ഏകദേശം 300 മില്യൺ ഡോളറിന്റെ ചെലവ് വരുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ. നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വാർഷിക സാമ്പത്തിക ഫലങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
ബാങ്കിങ് മേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കൽ
ഓസ്ട്രേലിയയിലെ ചെറുതും വലുതുമായ ബാങ്കുകൾ ജീവനക്കാരുടെ എണ്ണം കുറച്ചുവരികയാണ്. എഎൻസെഡിൽ (ANZ) നടത്തിയ വലിയ പുനഃസംഘടനയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരക്കണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ബെൻഡിഗോ ആൻഡ് അഡിലെയ്ഡ് ബാങ്കും പുനഃസംഘടനയുടെ ഭാഗമായി 137 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ നിർദേശിച്ചിരുന്നു.
സാങ്കേതിക മാറ്റങ്ങളും പിരിച്ചുവിടലിന് പിന്നിൽ
നാഷണൽ ഓസ്ട്രേലിയ ബാങ്കിന്റെ പ്രസ്താവനയിൽ നിർമിതബുദ്ധിയെ (AI) നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും അതിവേഗം സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് പരാമർശമുണ്ട്. മാറിവരുന്ന പ്രവർത്തനസാഹചര്യങ്ങളിൽ ബാങ്കിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായ ജീവനക്കാരുടെ ഘടന വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് ബാങ്ക് അറിയിച്ചു. സാമ്പത്തിക സാഹചര്യങ്ങളിലെ വെല്ലുവിളികൾ, ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന പ്രതീക്ഷകൾ, കടുത്ത മത്സരം, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങൾ എന്നിവ ഉയർത്തുന്ന അപകടസാധ്യതകളെയും അവസരങ്ങളെയും നേരിടാൻ ബാങ്കിനെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.
പിരിച്ചുവിടൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ബാങ്കിങ് തസ്തികകളെ കാര്യമായി ബാധിക്കില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ ഇർവിൻ പറഞ്ഞു. “ജോലികളിലെ ആവർത്തനം കുറയ്ക്കുകയും തീരുമാനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു. കോർപറേറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലാണ് പ്രത്യേക ശ്രദ്ധയെന്നും മുതിർന്ന മാനേജ്മെന്റ് തസ്തികകളിലും കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ബാങ്കിലുടനീളം നേതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങൾ വിപുലമാകുമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാർക്ക് ഇത് പ്രയാസകരമായ കാലഘട്ടമായിരിക്കുമെന്ന് അംഗീകരിച്ച ഇർവിൻ, എല്ലാവരോടും അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറുമെന്ന് ഉറപ്പുനൽകി.
നിർമിതബുദ്ധിയുടെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യം
ജോലി വെട്ടിക്കുറയ്ക്കുന്നതിൽ നിർമിതബുദ്ധിക്ക് എത്രത്തോളം പങ്കുണ്ടെന്ന് ബാങ്ക് വ്യക്തമാക്കണമെന്ന് സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഭരണകാര്യ വിദഗ്ധ ഹെലൻ ബേർഡ് ആവശ്യപ്പെട്ടു. ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം, എത്രത്തോളം ജോലികൾ നിർമിതബുദ്ധിക്കും മറ്റ് സാങ്കേതികവിദ്യകൾക്കും കൈമാറുമെന്നും മനുഷ്യരുടെ മേൽനോട്ടം എത്രത്തോളം നിലനിർത്തുമെന്നും സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ചെലവ് കുറയ്ക്കുകയും ലാഭം വർധിപ്പിക്കുകയും ചെയ്യുന്നതാണ് മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പുറത്തുനിന്ന് നോക്കുമ്പോൾ വ്യക്തമാകുന്നതായും ബേർഡ് അഭിപ്രായപ്പെട്ടു. “ഈ നടപടികളിലൂടെ ചില കാര്യക്ഷമതാ നേട്ടങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ ബാങ്ക് പറയുന്ന പല കാര്യങ്ങളും പൊതുജനങ്ങളെ സ്വാധീനിക്കാനുള്ള പ്രചാരണഭാഷ മാത്രമാണ്,” അവർ പറഞ്ഞു. പ്രഖ്യാപിച്ച നേട്ടങ്ങൾ എങ്ങനെ കൈവരിക്കുമെന്ന കാര്യം നിക്ഷേപകരോട് ബാങ്ക് വിശദീകരിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ പ്രസ്താവന കോർപറേറ്റ് പ്രചാരണവാക്കുകൾ മാത്രമാണെന്ന് നിക്കോൾ മക്ഫേഴ്സണും വിമർശിച്ചു. ഇതിനകം തന്നെ നിയന്ത്രിക്കാനാകാത്ത ജോലിഭാരത്തിൽ വലയുന്ന ജീവനക്കാരെ ഈ പിരിച്ചുവിടൽ കൂടുതൽ ബാധിക്കുമെന്ന യാഥാർഥ്യം ബാങ്ക് അംഗീകരിക്കുന്നില്ലെന്നും അവർ ആരോപിച്ചു. “ആറ് ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ ബാങ്കിന്റെ പ്രവർത്തനരീതി ലളിതമാകുകയോ വളർച്ചയ്ക്ക് മുൻഗണന നൽകുന്ന തരത്തിൽ ജീവനക്കാരെ വിന്യസിക്കാനാകുകയോ ചെയ്യില്ല. പകരം, ബാങ്കിൽ അരാജകത്വം സൃഷ്ടിക്കുകയും ആശങ്കയുടെ അന്തരീക്ഷം കൂടുതൽ ശക്തമാക്കുകയും ചെയ്യും,” മക്ഫേഴ്സൺ പറഞ്ഞു.