ആശയവിനിമയ മന്ത്രി അനിക വെൽസ്  
Australian Capital Territory

സോഷ്യൽ മീഡിയ അൽഗോരിതം നിയന്ത്രണം: ഫെഡറൽ പാർലമെന്റിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു

ഈ ആഴ്ച പാർലമെന്റ് ചേരുമ്പോൾ ആശയവിനിമയ മന്ത്രി അനിക വെൽസ് കരട് നിയമനിർമ്മാണം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Safvana Jouhar

കാൻബറ: സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് മൂക്കുകയറിടാനുള്ള ലേബർ സർക്കാരിന്റെ പുതിയ നിയമനിർമ്മാണത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ഓൺലൈൻ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനും ഇന്റർനെറ്റ് സെൻസർഷിപ്പ് നടപ്പിലാക്കാനുമുള്ള സർക്കാരിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ആരോപിച്ചു. ഈ ആഴ്ച പാർലമെന്റ് ചേരുമ്പോൾ ആശയവിനിമയ മന്ത്രി അനിക വെൽസ് കരട് നിയമനിർമ്മാണം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് അൽഗോരിതങ്ങൾ ഓഫാക്കാനുള്ള സൗകര്യം നൽകണമെന്നും, ബോഡി ഇമേജ്, സ്ത്രീ സുരക്ഷ, കുട്ടികളുടെ സംരക്ഷണം എന്നിവയെ ബാധിക്കുന്ന അപകടകരമായ ഉള്ളടക്കങ്ങൾ തടയണമെന്നും നിർദ്ദിഷ്ട നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിബന്ധനകൾ ലംഘിക്കുന്ന കമ്പനികൾക്ക് 100 മില്യൺ ഡോളറിലധികം പിഴ ചുമത്താനും ഇ-സേഫ്റ്റി കമ്മീഷണർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും നിയമം ലക്ഷ്യമിടുന്നു.

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്കെതിരെയുള്ള ലേബർ പാർട്ടിയുടെ പുതിയ നിയമനിർമ്മാണം ഇന്റർനെറ്റിലെ സ്വാതന്ത്ര്യം കവരാനുള്ള ഭരണകൂട ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ആരോപിച്ചു. അൽഗോരിതം ഓഫാക്കാനുള്ള സൗകര്യം മാത്രം പോരെന്നും, 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്നതിലാണ് സർക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തികൾക്ക് എന്ത് കാണണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണവുമാണ് വേണ്ടതെന്നും, പൗരന്മാരുടെ അവകാശങ്ങളെ ബാധിക്കില്ലെങ്കിൽ മാത്രമേ സഖ്യം ഈ ബില്ലിനെ പിന്തുണയ്ക്കൂ എന്നും ഷാഡോ ഹോം അഫയേഴ്‌സ് മന്ത്രി ജോണോ ഡുനിയം വ്യക്തമാക്കി. ഇതിനിടെ, സർക്കാരിന്റെ നീക്കം 'ഓർവെലിയൻ' മോഡൽ സെൻസർഷിപ്പാണെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ വിമർശിച്ചപ്പോൾ, ഉപയോക്താക്കളുടെ മുൻകൂർ അനുമതിയോടെ മാത്രം അൽഗോരിതം ഫീഡുകൾ നൽകുന്ന രീതി നടപ്പാക്കണമെന്നാണ് ഗ്രീൻസ് ആവശ്യപ്പെട്ടത്. കോളിഷന്റെയും വൺ നേഷന്റെയും എതിർപ്പ് നിലനിൽക്കുന്നതിനാൽ സെനറ്റിൽ ബില്ല് പാസാക്കാൻ സർക്കാരിന് ഗ്രീൻസിന്റെ പിന്തുണ നിർണ്ണായകമാകും. വരാനിരിക്കുന്ന യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഈ ഡിജിറ്റൽ പരിഷ്കാരം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

SCROLL FOR NEXT