ലേബർ സർക്കാരിന്റെ വിവാദ നികുതി പരിഷ്കാര ബില്ലിന് ഗ്രീൻസ് പാർട്ടിയുടെ പിന്തുണ ലഭിച്ചതോടെ ബിൽ ഈ ആഴ്ച തന്നെ ഫെഡറൽ പാർലമെന്റിൽ പാസാകാൻ സാധ്യതയേറി. ഇതിന്റെ ഭാഗമായി സെൽഫ് മാനേജ്ഡ് സൂപ്പർ ഫണ്ടുകൾ (SMSFs) ഉപയോഗിച്ച് വീടുകൾ വാങ്ങാൻ വായ്പ എടുക്കാൻ അനുവദിച്ചിരുന്ന ഒരു നികുതി പഴുത് അടയ്ക്കാൻ സർക്കാർ സമ്മതിച്ചു. നിലവിൽ ചില പ്രത്യേക വായ്പാ ക്രമീകരണങ്ങളിലൂടെ (Limited Recourse Borrowing Arrangements) SMSF ഫണ്ടുകൾ ഉപയോഗിച്ച് നിക്ഷേപ വീടുകൾ വാങ്ങാൻ സാധിക്കുന്നുണ്ടായിരുന്നു. പുതിയ ഭേദഗതി ഈ സൗകര്യം അവസാനിപ്പിക്കും. നിലവിലുള്ള നിക്ഷേപങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും ഇടപാടുകൾ പൂർത്തിയാക്കാൻ 45 ദിവസത്തെ ഇടക്കാല സമയവും അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.
ഗ്രീൻസ് ട്രഷറി വക്താവ് നിക്ക് മക്കിം പറയുന്നതനുസരിച്ച്, ഈ മാറ്റം സമ്പന്നരായ നിക്ഷേപകർ വീടുകളുടെ ലേലത്തിൽ ആദ്യമായി വീട് വാങ്ങാൻ ശ്രമിക്കുന്നവരെ മറികടക്കുന്നത് കുറയ്ക്കും. ക്യാപിറ്റൽ ഗെയിൻസ് ടാക്സ്, നെഗറ്റീവ് ഗിയറിംഗ്, ട്രസ്റ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട നികുതി പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന ബില്ലാണ് സെനറ്റിൽ പരിഗണിക്കുന്നത്. ചില ഇളവുകളും ഭേദഗതികളും ഉൾപ്പെടുത്തിയ ശേഷമാണ് ഗ്രീൻസ് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിനൊപ്പം, നാഷണൽ ഡിസബ്ലിറ്റി ഇൻഷുറൻസ് പദ്ധതി (NDIS) സംബന്ധിച്ച വിവാദ ബില്ലിന്റെ അന്വേഷണം എട്ട് ആഴ്ച കൂടി നീട്ടാൻ ലേബർ സമ്മതിച്ചു. ഓഗസ്റ്റ് 14 വരെ അന്വേഷണ കാലാവധി നീളും. എന്നാൽ NDIS ബില്ലിനെതിരെ പോരാട്ടം തുടരുമെന്ന് ഗ്രീൻസ് നേതാവ് Larissa Waters വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാവ് Angus Taylor ലേബർ-ഗ്രീൻസ് ധാരണയെ "അപകടകരമായ കരാർ" എന്ന് വിശേഷിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഈ നികുതി നിയമം റദ്ദാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
വൺ നേഷൻ നേതാവ് Pauline Hanson ബില്ലിനെ "വ്യക്തമായ നികുതി പിടിച്ചുപറി" എന്ന് വിമർശിച്ചു. ക്യാപിറ്റൽ ഗെയിൻസ് നികുതി ഇളവ് നിലവിലെ 50 ശതമാനമായി നിലനിർത്തുകയും നെഗറ്റീവ് ഗിയറിംഗ് രണ്ട് നിക്ഷേപ സ്വത്തുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യണമെന്നാണ് അവരുടെ നിലപാട്. ലേബർ സർക്കാർ ഈ പരിഷ്കാരങ്ങളിലൂടെ ഭവന വിപണിയിലെ സമ്മർദം കുറയ്ക്കാനും ബജറ്റിലേക്ക് കൂടുതൽ വരുമാനം കണ്ടെത്താനുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രതിപക്ഷവും ചില സാമ്പത്തിക വിദഗ്ധരും ഇത് നിക്ഷേപത്തെയും ഭവനവിതരണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.