ഗുരുതരമായ അലർജി പ്രതികരണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജലദോഷം, പനി എന്നിവയ്ക്കുള്ള ചില മരുന്നുകളിലും സപ്ലിമെന്റുകളിലും ഉപയോഗിക്കുന്ന Andrographis paniculata (ആൻഡ്രോഗ്രാഫിസ്) ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കുന്നു. ‘ഗ്രീൻ ചിരെറ്റ’ എന്നറിയപ്പെടുന്ന ഈ ഔഷധസസ്യം ഉൾപ്പെടുന്ന പുതിയ മരുന്നുകൾക്ക് ഓസ്‌ട്രേലിയൻ വിപണിയിൽ പ്രവേശിക്കാൻ ഇനി അനുമതി നൽകില്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) അറിയിച്ചു.
നിലവിൽ വിപണിയിലുള്ള ആൻഡ്രോഗ്രാഫിസ് അടങ്ങിയ മരുന്നുകൾ ഉടൻ പിൻവലിക്കില്ല. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ സ്വമേധയാ തിരിച്ചുവിളിക്കുന്നത് പരിഗണിക്കണമെന്ന് TGA വിതരണക്കാരോട് നിർദേശിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലും സ്വാഭാവികമായി കാണപ്പെടുന്ന ആൻഡ്രോഗ്രാഫിസ് ആയുർവേദ, ചൈനീസ് പരമ്പരാഗത ചികിത്സാരീതികളിൽ പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഉപയോഗിക്കുന്നതാണ്. ഓസ്‌ട്രേലിയൻ വിപണിയിൽ ഈ ഘടകം അടങ്ങിയ ഏകദേശം 80 ഉൽപ്പന്നങ്ങളുണ്ട്. സൂപ്പർമാർക്കറ്റുകൾ, ഹെൽത്ത് ഫുഡ് സ്റ്റോറുകൾ, ഫാർമസികൾ എന്നിവിടങ്ങളിലും ചില ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ആൻഡ്രോഗ്രാഫിസ് ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതരമായ അലർജി പ്രതികരണങ്ങളും അനഫിലാക്സിസും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. 2024 ജൂണിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
ആൻഡ്രോഗ്രാഫിസ് അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർ ഉൽപ്പന്നത്തിന്റെ ഘടകങ്ങൾ പരിശോധിക്കണമെന്നും തുടർന്നും ഉപയോഗിക്കുന്നത് സംബന്ധിച്ച് ആരോഗ്യവിദഗ്ധരുമായി സംസാരിക്കണമെന്നും TGA നിർദേശിച്ചു. ശ്വാസതടസം, നാവ് അല്ലെങ്കിൽ തൊണ്ടയിൽ വീക്കം, ശ്വാസംമുട്ടൽ, തലകറക്കം, ബോധക്ഷയം, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനഫിലാക്സിസിന്റെ സൂചനകളാകാം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അടിയന്തരമായി 000 ൽ വിളിക്കണമെന്ന് അധികൃതർ അറിയിച്ചു.