(Photograph: AAP)
Australian Capital Territory

യുവജന തടങ്കൽ കേന്ദ്രത്തിൽ ലൈംഗികാതിക്രമമെന്ന് ആരോപണം; നാല് പേർ സർക്കാരിനെതിരെ നിയമനടപടിയിൽ

‘ചിക്കൻ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് 2003 മുതൽ 2013 വരെയുള്ള കാലയളവിൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന കുറഞ്ഞത് 13 മുൻ തടവുകാർ ആരോപിക്കുന്നത്.

Safvana Jouhar

ഓസ്‌ട്രേലിയയിലെ യുവജന തടങ്കൽ കേന്ദ്രങ്ങളിൽ സംസ്ഥാനത്തിന്റെ സംരക്ഷണയിലിരിക്കെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപിക്കുന്ന മുൻ തടവുകാരുടെ അനുഭവങ്ങൾ പുറത്തുകൊണ്ടുവന്ന് അന്വേഷണ പരമ്പര. സംഭവങ്ങളിൽ അന്വേഷണം നടത്തുന്ന ‘ഡ്യൂട്ടി ഓഫ് കെയർ’ പരമ്പരയുടെ ഭാഗമായി ദി ഗാർഡിയൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തക സാറാ കോളാർഡ് അഞ്ച് മാസത്തോളം യുവജന തടങ്കൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന മുൻ തടവുകാരുമായി സംസാരിച്ചാണ് അന്വേഷണം തയ്യാറാക്കിയത്. ഇതിന്റെ ആദ്യ ഭാഗം ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ (ACT) യുവജന നീതിന്യായ സംവിധാനത്തെ കേന്ദ്രീകരിച്ചാണ്.

കാൻബറയിലെ ക്വാംബി യുവജന തടങ്കൽ കേന്ദ്രത്തിലും പിന്നീട് ബിംബെരി യുവജന നീതിന്യായ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന ബ്രെറ്റ് ഡെന്നിസ് എന്ന മുൻ ജീവനക്കാരനെതിരെയാണ് ആരോപണങ്ങൾ. ‘ചിക്കൻ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് 2003 മുതൽ 2013 വരെയുള്ള കാലയളവിൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന കുറഞ്ഞത് 13 മുൻ തടവുകാർ ആരോപിക്കുന്നത്. ഇതിൽ നാല് പേർ സമാനമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഡെന്നിസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നാല് യുവാക്കൾ സർക്കാരിനെതിരെ വെവ്വേറെ സിവിൽ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. മറ്റ് മുൻ തടവുകാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ക്വാംബി കേന്ദ്രം 2008ൽ അടച്ചുപൂട്ടിയിരുന്നു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളാണ് അടച്ചുപൂട്ടലിന് കാരണമായത്. ഡെന്നിസിനെതിരായ ബാലപീഡന ആരോപണങ്ങളെക്കുറിച്ച് ഇയാളുടെ മരണത്തിന് മുമ്പ് അറിവുണ്ടായിരുന്നില്ലെന്ന് ACT സർക്കാർ ദി ഗാർഡിയനോട് പ്രതികരിച്ചു. 2017ൽ ഡെന്നിസ് മരിച്ചിരുന്നു. ക്വാംബി, ബിംബെരി കേന്ദ്രങ്ങളിലെ ജീവനക്കാരിൽ നിന്നും മറ്റ് തടവുകാരിൽ നിന്നും നേരിട്ടതായി പറയുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 22 പേർ കോടതിയിൽ സിവിൽ കേസുകൾ നൽകിയിട്ടുണ്ട്. ഇതിനു പുറമെ, ചരിത്രപരമായ ബാലപീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട 31 വ്യക്തിഗത പരിക്കു നഷ്ടപരിഹാര ക്ലെയിമുകൾ കൂടി സർക്കാർ പരിഗണിക്കുന്നുണ്ട്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന ആരോപണം സർക്കാർ നിഷേധിച്ചു. കേസുകൾ കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ കേസിലും പ്രത്യേകം പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

SCROLL FOR NEXT