Independent MP Zali Steggall 
Australian Capital Territory

ഗാർഹിക പീഡന റിപ്പോർട്ട് സർക്കാരുകളെ നടപടിയെടുക്കാൻ ലജ്ജിപ്പിക്കണം: സാലി സ്റ്റെഗാൾ

സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ “പൂർണമായും പരാജയപ്പെട്ടു” എന്നതിന്റെ തെളിവാണ് റിപ്പോർട്ടെന്നും അവർ പറഞ്ഞു.

Safvana Jouhar

കാൻബറ: ഓസ്‌ട്രേലിയയിലെ ഗാർഹിക, കുടുംബ, ലൈംഗിക പീഡന കമ്മിഷണറുടെ ഏറ്റവും പുതിയ റിപ്പോർട്ട് സർക്കാരുകളെ അടിയന്തരമായി നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഗൗരവമുള്ളതാണെന്ന് സ്വതന്ത്ര എംപി സാലി സ്റ്റെഗാൾ. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ “പൂർണമായും പരാജയപ്പെട്ടു” എന്നതിന്റെ തെളിവാണ് റിപ്പോർട്ടെന്നും അവർ പറഞ്ഞു.

ദേശീയ പദ്ധതിയുടെ (National Plan) ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള സംവിധാനത്തിലെ ഏകദേശം 68 ശതമാനം നടപടികളുടെയും വിവരങ്ങൾ ലഭ്യമല്ലെന്ന് സ്റ്റെഗാൾ ചൂണ്ടിക്കാട്ടി. “നമുക്ക് അളക്കാൻ കഴിയാത്ത കാര്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനാകില്ല. വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാരുകളെ പൂർണമായി ഉത്തരവാദികളാക്കാനും കഴിയില്ല,” അവർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് ഗാർഹിക, കുടുംബ, ലൈംഗിക പീഡന കമ്മിഷന് സർക്കാർ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ വിവരങ്ങൾ നിർബന്ധമായി ശേഖരിക്കാനും കൂടുതൽ അധികാരം നൽകണമെന്ന് സ്റ്റെഗാൾ ആവശ്യപ്പെട്ടു. ഇതിന് പുറമെ അടിയന്തര ദേശീയ ബോധവൽക്കരണ പദ്ധതി നടപ്പാക്കുക, ഗാർഹിക പീഡനക്കേസുകളിലെ പ്രതികൾക്കായി ദേശീയ രജിസ്റ്റർ സ്ഥാപിക്കുക, വിഷയത്തിൽ റോയൽ കമ്മിഷൻ രൂപീകരിക്കുക തുടങ്ങിയ നടപടികളും അവർ ആവശ്യപ്പെട്ടു. “ഞെട്ടിക്കുന്ന തരത്തിൽ ഏകദേശം 80 ശതമാനം പൊലീസ് ഇടപെടലുകളും ഗാർഹിക, കുടുംബ പീഡനവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഇനി കൂടുതൽ അനുശോചനങ്ങളോ വാഗ്ദാനങ്ങളോ ആവശ്യമില്ല. അവർക്ക് വേണ്ടത് നടപടി, ഉത്തരവാദിത്തം, ഈ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള യഥാർഥ ദേശീയ പ്രതിബദ്ധതയാണ്,” സ്റ്റെഗാൾ പറഞ്ഞു.

SCROLL FOR NEXT