കാൻബറ: ഓസ്‌ട്രേലിയയിൽ വീടുവാങ്ങുന്നവർക്ക് മോർട്ട്ഗേജിനായി സൂപ്പറാനുവേഷൻ (Superannuation) തുക ഈടായി ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ നിർദേശം മുന്നോട്ടുവയ്ക്കാനൊരുങ്ങി ഷാഡോ ഹൗസിങ് മന്ത്രി ആൻഡ്രൂ ബ്രാഗ്. ഇന്ന് നടക്കുന്ന പ്രസംഗത്തിൽ ബ്രാഗ് നിർദേശം വിശദീകരിക്കും. വിരമിക്കുമ്പോൾ സ്വന്തമായി വീടുള്ളവരുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം എബിസി ന്യൂസ് റേഡിയോയോട് പറഞ്ഞു. വിരമിച്ച ശേഷം വാടകവീടുകളിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്ന പ്രവണതയാണെന്നും ബ്രാഗ് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്നതിൽ തെറ്റില്ലെങ്കിലും, വിരമിക്കൽ കാലത്ത് സ്വന്തമായി വീട്ടിൽ കഴിയാനാണ് പലരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽജീവിതത്തിനിടെ സമ്പാദിക്കുന്ന സ്വന്തം പണം വീടിന്റെ ഉടമസ്ഥതയ്ക്കായി ഉപയോഗിക്കാൻ ആളുകൾക്ക് കൂടുതൽ സാധ്യതകൾ നൽകേണ്ടതുണ്ടെന്നും ബ്രാഗ് പറഞ്ഞു. സൂപ്പർ ഈടായി ഉപയോഗിച്ച് തിരിച്ചടയ്ക്കാൻ കഴിയുന്നതിലും വലിയ വായ്പയെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, നിലവിൽ പ്രായമായ വാടകക്കാരുടെ എണ്ണം വർധിക്കുന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ട അപകടമെന്ന് അദ്ദേഹം പ്രതികരിച്ചു. കൂടുതൽ വിരമിച്ച വാടകക്കാരും അതേസമയം ഉയർന്ന സൂപ്പറാനുവേഷൻ ബാലൻസുമുള്ള ഒരു രാജ്യമായി ഓസ്‌ട്രേലിയ മാറുകയാണെന്ന് ബ്രാഗ് പറഞ്ഞു. കൂടുതൽ ആളുകൾക്ക് സ്വന്തമായി വീടുള്ള രാജ്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.