ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടെങ്കിലും പതിറ്റാണ്ടുകളായി തിരിച്ചറിയപ്പെടാത്ത സൈനികരായി കണക്കാക്കപ്പെട്ടിരുന്ന 11 ഓസ്ട്രേലിയൻ സൈനികരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞു. ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി റിച്ചാർഡ് മാർലസിന്റെ വലിയമ്മാവനും പട്ടികയിൽ ഉൾപ്പെടുന്നു. റിമെംബ്രൻസ് ഡേയായ നവംബർ 11നാണ് ഫെഡറൽ സർക്കാർ സൈനികരുടെ പേരുകൾ പുറത്തുവിട്ടത്. ഫ്രാൻസിലും ബെൽജിയത്തിലും യുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരെ ഡിഎൻഎ പരിശോധനകളും പുരാവസ്തു ഗവേഷണങ്ങളും ഉൾപ്പെടുന്ന വിപുലമായ അന്വേഷണത്തിലൂടെയാണ് തിരിച്ചറിഞ്ഞത്.
1917 സെപ്റ്റംബറിൽ ബെൽജിയത്തിലെ മെനിൻ റോഡ് യുദ്ധത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ആൻഡ്രൂ ആൻഡേഴ്സണാണ് മാർലസിന്റെ വലിയമ്മാവൻ. മെഷീൻ ഗൺ യൂണിറ്റിന്റെ കമാൻഡറായിരുന്നു അദ്ദേഹം. അടുത്ത വർഷം അദ്ദേഹത്തിന്റെ കല്ലറയിലെ ശിലാഫലകം മാറ്റി ഔദ്യോഗിക അനുസ്മരണ ചടങ്ങ് നടത്തുമെന്ന് മാർലസ് പറഞ്ഞു. കുടുംബത്തെ സംബന്ധിച്ച് അതീവ ശ്രദ്ധേയമായ കണ്ടെത്തലാണിതെന്നും സൈനികരെ തിരിച്ചറിയാനുള്ള പ്രവർത്തനം തുടരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം എബിസിയോട് പറഞ്ഞു.
തിരിച്ചറിഞ്ഞ 11 സൈനികർ:
പ്രൈവറ്റ് റോയ് ഹോക്കിൻസ് – ന്യൂ സൗത്ത് വെയിൽസിലെ ആർമിഡെയ്ൽ.
സർജന്റ് ചാൾസ് ഹെൻറി നിക്കോൾസ് – വിക്ടോറിയയിലെ ബാലറാറ്റ്.
ലെഫ്റ്റനന്റ് ഹോവാർഡ് വിക്ടർ മോറി – വിക്ടോറിയയിലെ ലിലിഡെയ്ൽ.
ലെഫ്റ്റനന്റ് ജോൺ മഹർ ലയൺസ് – ന്യൂ സൗത്ത് വെയിൽസിലെ റാൻഡ്വിക്.
ലെഫ്റ്റനന്റ് ആൻഡ്രൂ ആൻഡേഴ്സൺ – ക്വീൻസ്ലൻഡിലെ ബണ്ടബർഗ്.
സെക്കൻഡ് ലെഫ്റ്റനന്റ് ജെയിംസ് ആൽബർട്ട് മക്മൈക്കൽ – വിക്ടോറിയയിലെ മെൽബൺ.
പ്രൈവറ്റ് തോമസ് ഈസ്റ്റൺ – ന്യൂ സൗത്ത് വെയിൽസിലെ ആഡംസ്ടൗൺ.
കോർപ്പറൽ ഹാരി മെയ്റ്റ്ലാൻഡ് വൈറ്റോക്ക് – വിക്ടോറിയയിലെ പ്രെസ്റ്റൺ.
പ്രൈവറ്റ് ജോർജ് ലബാൻ ലുപ്സൺ – വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഫ്രീമാന്റിൽ.
പ്രൈവറ്റ് ജെയിംസ് ക്യാമ്പ്ബെൽ – ടാസ്മാനിയയിലെ ക്വീൻസ്ടൗൺ.
ലാൻസ് കോർപ്പറൽ അലക്സാണ്ടർ ജോസഫ് ജാക്ക് – വിക്ടോറിയയിലെ ബ്രൺസ്വിക്.
പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിൽ കഴിയുന്ന സൈനികരുടെ കുടുംബങ്ങൾക്ക് ഈ തിരിച്ചറിയൽ ഏറെ നാളായി കാത്തിരുന്ന ഉത്തരങ്ങൾ നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഫ്രോമെൽസ്, സോം, ബുള്ളെകോർട്ട്, മെനിൻ റോഡ്, പാഷൻഡേൽ, അമിയൻ എന്നിവിടങ്ങളിലും ഹിൻഡൻബർഗ് പ്രതിരോധനിരയിലേക്കുള്ള മുന്നേറ്റത്തിനിടയിലുമാണ് ഈ സൈനികർ കൊല്ലപ്പെട്ടതെന്ന് മാർലസ് പറഞ്ഞു. കാലാൾപ്പട ബറ്റാലിയനുകൾ, മെഷീൻ ഗൺ യൂണിറ്റുകൾ, ഫീൽഡ് ആംബുലൻസ് വിഭാഗങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിച്ച ഇവർ ഓസ്ട്രേലിയയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.