The social services minister, Tanya Plibersek 
Australian Capital Territory

സോഷ്യൽ മീഡിയ അൽഗോരിതം നിയന്ത്രണവും അശ്ലീല ഉള്ളടക്ക നിയന്ത്രണവും പരിഗണിച്ച് ഓസ്‌ട്രേലിയ

കൗമാരക്കാർക്കിടയിൽ ലൈംഗിക അതിക്രമങ്ങളും ലൈംഗിക ബന്ധത്തിനിടെയുള്ള കഴുത്ത് ഞെരിക്കലും വർധിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് അവർ പറഞ്ഞു.

Safvana Jouhar

സോഷ്യൽ മീഡിയയിലെ ശുപാർശാ അൽഗോരിതങ്ങൾ ഉപയോഗിക്കണമോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് സ്വയം തീരുമാനിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് ഓസ്‌ട്രേലിയൻ സർക്കാർ പരിഗണിക്കുന്നു. അതേസമയം, അശ്ലീല ഉള്ളടക്കങ്ങളിൽ കഴുത്ത് ഞെരിക്കൽ, ശ്വാസംമുട്ടിക്കൽ എന്നിവയുടെ ദൃശ്യാവിഷ്‌കാരം നിരോധിച്ച ബ്രിട്ടന്റെ സമീപകാല നടപടിയും സർക്കാർ പരിശോധിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുടുംബ, ഗാർഹിക അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ രണ്ടാം പ്രവർത്തനപദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഈ വിഷയങ്ങൾ പരിഗണിക്കുന്നതെന്ന് സാമൂഹ്യ സേവന മന്ത്രി Tanya Plibersek വ്യക്തമാക്കി. കൗമാരക്കാർക്കിടയിൽ ലൈംഗിക അതിക്രമങ്ങളും ലൈംഗിക ബന്ധത്തിനിടെയുള്ള കഴുത്ത് ഞെരിക്കലും വർധിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് അവർ പറഞ്ഞു. സിഡ്നിയിൽ 16 വയസ്സുകാരി മരിച്ച സംഭവത്തെ തുടർന്നാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്. ലൈംഗിക ബന്ധത്തിനിടെ ശ്വാസംമുട്ടലിനെ തുടർന്ന് പെൺകുട്ടി അബോധാവസ്ഥയിലായെന്നാണ് സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ലൈംഗിക അനുഭവത്തിനിടെ കഴുത്ത് ഞെരിക്കൽ നേരിട്ടിട്ടുണ്ടെന്ന് ഏകദേശം 60 ശതമാനം യുവാക്കളും റിപ്പോർട്ട് ചെയ്യുന്നു.

എബിസിയുടെ ഇൻസൈഡേഴ്സ് പരിപാടിയോട് സംസാരിക്കവെ, സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ യുവാക്കളായ ആൺകുട്ടികൾക്കും പുരുഷന്മാർക്കും മനഃപൂർവം അക്രമാസക്തവും സ്ത്രീകളെ അപമാനിക്കുന്നതുമായ ഉള്ളടക്കങ്ങൾ നൽകുന്നുവെന്നും ഇത് ലൈംഗിക ബന്ധങ്ങളിലെ അപകടകരമായ പെരുമാറ്റങ്ങളെ സാധാരണവൽക്കരിക്കുന്നുവെന്നും പ്ലിബെർസെക് ആരോപിച്ചു. “ഓസ്‌ട്രേലിയയിൽ ഒരു യുവാവ് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിച്ചാൽ ശരാശരി 23 മിനിറ്റിനുള്ളിൽ തന്നെ സ്ത്രീകളെ വെറുക്കുന്നതും അക്രമാസക്തവുമായ ഉള്ളടക്കങ്ങൾ അയാൾക്ക് ലഭിക്കാൻ തുടങ്ങുന്നു. ഇത് ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് യുവാക്കൾക്ക് തെറ്റായ ധാരണകൾ നൽകുന്നു,” അവർ പറഞ്ഞു. ലൈംഗിക അനുഭവത്തിനിടെ കഴുത്ത് ഞെരിക്കൽ നേരിട്ടിട്ടുണ്ടെന്ന് ഏകദേശം 60 ശതമാനം യുവാക്കളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പ്ലിബെർസെക് പറഞ്ഞു. ഇത്തരം പ്രവണത വ്യാപകമാവുകയും സാധാരണമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ ആശങ്കയാണെന്നും അവർ വ്യക്തമാക്കി.

ലൈംഗിക സമ്മതത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി പ്രവർത്തിക്കുന്ന ചാനൽ കോണ്ടോസിന്റെ Teach Us Consent, സോഷ്യൽ മീഡിയയിലെ ശുപാർശാ അൽഗോരിതങ്ങൾ ഉപയോക്താക്കൾ സ്വമേധയാ തിരഞ്ഞെടുക്കുന്ന രീതിയിലാക്കണമെന്ന ആവശ്യവുമായി പ്രചാരണം നടത്തുന്നുണ്ട്. ഇത്തരം അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് opt-in അല്ലെങ്കിൽ opt-out തിരഞ്ഞെടുപ്പ് നൽകുന്ന സംവിധാനം എങ്ങനെ രൂപപ്പെടുത്താമെന്നത് സർക്കാർ പരിശോധിക്കുന്നതായി പ്ലിബെർസെക് പറഞ്ഞു. “ദോഷകരമായ ശുപാർശാ അൽഗോരിതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണ്. ഉപയോക്താക്കൾക്ക് അത്തരം അൽഗോരിതങ്ങളിൽ ചേരാനോ അതിൽ നിന്ന് ഒഴിവാകാനോ അവസരം നൽകുന്ന കാര്യം പരിഗണിച്ചുവരികയാണ്,” അവർ വ്യക്തമാക്കി.

അമേരിക്കയിലെ Metaയുമായി ബന്ധപ്പെട്ട സമീപകാല കേസും അശ്ലീല ഉള്ളടക്കങ്ങളിൽ കഴുത്ത് ഞെരിക്കലും ശ്വാസംമുട്ടിക്കലും ചിത്രീകരിക്കുന്നത് തടയാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച നടപടികളും സർക്കാർ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം സർക്കാർ മുമ്പ് നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇത് പ്രാബല്യത്തിൽ വന്നു. അശ്ലീല ഉള്ളടക്കങ്ങൾക്കായി പ്രായപരിശോധന സംവിധാനവും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ പുതിയ നിയമങ്ങൾ മറികടക്കാൻ കുട്ടികൾക്ക് ഇപ്പോഴും എളുപ്പമാണെന്ന് പ്ലിബെർസെക് നേരത്തെ സമ്മതിച്ചിരുന്നു.

ഓൺലൈൻ ഇടങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ടെക് കമ്പനികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾക്കും കൂടുതൽ ഉത്തരവാദിത്വം നൽകുന്ന ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ ബിൽ സംബന്ധിച്ച പൊതുചർച്ചയും ലേബർ സർക്കാർ ഉടൻ ആരംഭിക്കും. ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗത്തെക്കുറിച്ചും മന്ത്രി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ഉപകരണങ്ങൾ രഹസ്യമായി ആളുകളെ ചിത്രീകരിക്കാനും ലൈംഗിക സാഹചര്യങ്ങളിലെ ദൃശ്യങ്ങൾ പകർത്താനും പിന്നീട് അവ ദുരുപയോഗം ചെയ്യാനോ ബ്ലാക്ക്‌മെയിലിനായി ഉപയോഗിക്കാനോ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ടെക് കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് പുറത്തിറക്കുന്നതിന് മുമ്പ് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും, ഉപയോക്താക്കളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കമ്പനികൾ ഏറ്റെടുക്കണമെന്നും പ്ലിബെർസെക് ആവശ്യപ്പെട്ടു. സ്മാർട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്നങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ പ്രൈവസി കമ്മീഷണറോട് അറ്റോർണി ജനറൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു.

SCROLL FOR NEXT