ഓസ്‌ട്രേലിയൻ നികുതി ഓഫീസിന്റെ (ATO) ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നിരോധനം 12 മാസത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വരാനിരുന്ന തീരുമാനം മാറ്റിവയ്ക്കാൻ ഫെഡറൽ സർക്കാരും നികുതി ഓഫീസും ധാരണയിലെത്തി. ചെറുകിട ബിസിനസുകൾക്ക് പുതിയ സംവിധാനത്തിലേക്ക് മാറാൻ സമയം അനുവദിക്കുന്നതിനാണ് നടപടി. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ കാർഡ് സർചാർജുകൾ നിരോധിച്ചതിന് പിന്നാലെയാണ് നികുതി അടയ്ക്കാൻ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നത് നിർത്തുമെന്ന് ATO പ്രഖ്യാപിച്ചത്. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കുള്ള പ്രോസസ്സിങ് ഫീസായി പ്രതിവർഷം ഏകദേശം 200 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ചെലവാകുമെന്നും ഈ തുക നികുതിദായകരുടെ പണം ഉപയോഗിച്ച് വഹിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ATO കമ്മീഷണർ റോബ് ഹെഫെറൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വേണ്ടത്ര കൂടിയാലോചനയില്ലാതെ എടുത്ത തീരുമാനമാണിതെന്ന് ആരോപിച്ച് രാജ്യത്തെ ബിസിനസ് സംഘടനകൾ ശക്തമായി രംഗത്തെത്തി. നികുതി അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പണമൊഴുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ നിരോധനം ചെറുകിട സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 2024–25 സാമ്പത്തിക വർഷത്തിൽ ഓസ്‌ട്രേലിയയിലെ 27 ലക്ഷം ചെറുകിട ബിസിനസുകളിൽ ഏകദേശം 5 ശതമാനം—ഏകദേശം 1.35 ലക്ഷം സ്ഥാപനങ്ങൾ—നികുതി അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചെന്നാണ് ATOയുടെ കണക്ക്. വ്യക്തിഗത നികുതിദായകരിൽ രണ്ട് ശതമാനവും ഈ രീതി പിന്തുടർന്നിരുന്നു.
ചെറുകിട ബിസിനസുകളുമായി കൂടിയാലോചന നടത്തണമെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് ഉൾപ്പെടെയുള്ള മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ATO സ്വതന്ത്ര സ്ഥാപനമായതിനാൽ സർക്കാരിന് നേരിട്ട് നിർദേശം നൽകാനാകില്ലെന്നും എന്നാൽ ബിസിനസ് പ്രതിനിധികളുമായി ചർച്ച നടത്താൻ ആവശ്യപ്പെടാമെന്നും വോങ് പറഞ്ഞു. ചെറുകിട ബിസിനസ് മന്ത്രി ആൻ അലിയും ഭവനമന്ത്രി ക്ലെയർ ഒനീലും തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. പണമൊഴുക്ക് നിയന്ത്രിക്കുന്നത് ചെറുകിട സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും നികുതി അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പലർക്കും സഹായകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, ക്രെഡിറ്റ് കാർഡ് ഫീസിന്റെ കാര്യത്തിൽ ബിസിനസുകൾക്കും സർക്കാരിനും ഒരേ സമീപനം വേണമെന്ന നിലപാടും ചർച്ചയായി. പ്രതിപക്ഷ ട്രഷറർ ടിം വിൽസണും വൺ നേഷൻ നേതാവ് പോളിൻ ഹാൻസണും നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നിരോധനം നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നതിനായി ഫെഡറൽ സർക്കാർ ATOയ്ക്ക് സാമ്പത്തിക സഹായവും നൽകും. പുതിയ സമയപരിധിക്കുള്ളിൽ ചെറുകിട ബിസിനസുകൾക്ക് പണമടയ്ക്കൽ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകുമെന്നാണ് പ്രതീക്ഷ.