പലസ്തീൻ രാഷ്ട്രത്തിനുള്ള ഓസ്ട്രേലിയയുടെ അംഗീകാരം ഈ മേഖലയിലെ സമാധാനം വർദ്ധിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ അൽ ഷാദി കൊട്ടാരത്തിൽ വെച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽ ബനിസുമായി നടന്ന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായാണ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം സൂചിപ്പിച്ചത്. പലസ്തീൻ രാഷ്ട്രത്തെ ഓസ്ട്രേലിയ അംഗീകരിച്ചതിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയോട് യുഎഇ പ്രസിഡന്റ് നന്ദി അറിയിച്ചു.
ഇരു രാഷ്ട്രങ്ങൾ തമ്മിൽ സാമ്പത്തികവും വികസനപരവുമായ വിവിധ വശങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര പങ്കാളിത്ത കരാറിന്റെ ചട്ടക്കൂടിനുള്ളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു. യുഎഇയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നും സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ മേഖലകളിലേക്കും അത് വ്യാപിക്കുന്നു എന്നും നേതാക്കൾ പറഞ്ഞു.