അൽഗോരിതം വഴി നിശ്ചയിച്ച Support at Home ഫണ്ടിംഗ് വിഹിതത്തിനെതിരെ പുനഃപരിശോധന ആവശ്യപ്പെട്ട പ്രായമായ ഓസ്‌ട്രേലിയക്കാരിൽ ഏകദേശം അഞ്ചിലൊരാൾക്ക് മനുഷ്യർ നടത്തിയ പരിശോധനയ്ക്ക് ശേഷം കൂടുതൽ പരിചരണ സഹായമോ ഉയർന്ന മുൻഗണനയോ ലഭിച്ചതായി കണക്കുകൾ. വയോജന പരിചരണ സേവനങ്ങൾക്ക് അർഹതയും ആവശ്യമായ സഹായത്തിന്റെ തോതും നിർണയിക്കാൻ ഉപയോഗിക്കുന്ന Integrated Assessment Tool (IAT) കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. വ്യക്തിയുടെ ശാരീരിക, സാമൂഹിക, വ്യക്തിപരമായ സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തൽ നടത്തുന്ന ശേഷം അൽഗോരിതമാണ് സർക്കാർ ധനസഹായത്തോടെ ലഭിക്കേണ്ട Support at Home സേവനത്തിന്റെ തോത് നിശ്ചയിക്കുന്നത്.
എന്നാൽ ഏറ്റവും പുതിയ കണക്കുകൾ നൽകാൻ ആരോഗ്യ-വയോജന പരിചരണ വകുപ്പ് തയ്യാറായില്ല. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം Support at Home ഫണ്ടിംഗ് അനുവദിച്ചതിനെതിരെ 757 പുനഃപരിശോധന അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 141 കേസുകളിൽ പ്രായമായ വ്യക്തിക്ക് അനുകൂലമായ മാറ്റമുണ്ടായി. ഇതിലൂടെ കൂടുതൽ സേവനങ്ങൾക്ക് അർഹത, വ്യത്യസ്തമായ അല്ലെങ്കിൽ ഉയർന്ന ക്ലാസിഫിക്കേഷൻ, ഉയർന്ന മുൻഗണനാ വിഭാഗം എന്നിവ ലഭിച്ചു. മറ്റു 177 കേസുകളിൽ മാറ്റമുണ്ടായില്ല, 304 കേസുകൾ അവസാനിപ്പിച്ചു, 135 കേസുകൾ ഇപ്പോഴും പരിഗണനയിലാണ്.
വിലയിരുത്തൽ നടത്തുന്ന ഉദ്യോഗസ്ഥന് ഒരു വ്യക്തിക്ക് ആവശ്യമായതിലും കുറഞ്ഞ സഹായമാണ് അൽഗോരിതം അനുവദിച്ചതെന്ന് തോന്നിയാലും ആ തീരുമാനം നേരിട്ട് മാറ്റാനുള്ള അധികാരം നിലവിലെ സംവിധാനത്തിൽ ഇല്ല. ആവശ്യമായ പരിചരണം ലഭിക്കാതെ നിരവധി വയോജനങ്ങൾ ബുദ്ധിമുട്ടുന്നതായും ഇത് നേരത്തെ തന്നെ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് Commonwealth Ombudsman ഏപ്രിലിൽ IAT-യെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ചില അസസർമാരും (വിലയിരുത്തൽ നടത്തുന്ന ഉദ്യോഗസ്ഥന്) വയോജനങ്ങളും സംവിധാനത്തെ “ക്രൂരവും മനുഷ്യത്വരഹിതവും” എന്നാണ് വിശേഷിപ്പിച്ചത്.
Green senator Penny Allman-Payne ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ തീരുമാനങ്ങളിൽ മനുഷ്യരുടെ മേൽനോട്ടം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനയ്ക്കായി അപേക്ഷിച്ചവരുടെ എണ്ണം മാത്രം യഥാർത്ഥ പ്രശ്നത്തിന്റെ പൂർണ ചിത്രം നൽകുന്നില്ലെന്ന് Allman-Payne പറഞ്ഞു. പല വയോജനങ്ങൾക്കും തീരുമാനം ചോദ്യം ചെയ്യാനുള്ള നടപടിക്രമം അറിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. “Integrated Assessment Tool വയോജനങ്ങളുടെ ആവശ്യങ്ങൾ കുറച്ചായി വിലയിരുത്തുന്നുവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ പുനഃപരിശോധനയ്ക്കുള്ള അപേക്ഷകളുടെ എണ്ണം അതിന്റെ യഥാർത്ഥ വ്യാപ്തി കാണിക്കുന്നില്ല,” അവർ പറഞ്ഞു. കോഗ്നിറ്റീവ് പ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ശാരീരിക ദുർബലത എന്നിവയുള്ളവരുടെ യഥാർത്ഥ ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തുന്നതിൽ നിലവിലെ സംവിധാനം പരിമിതമാണെന്നും അവർ ആരോപിച്ചു.
അതേസമയം വയോജന പരിചരണ മേഖലയിൽ നഴ്‌സായി പ്രവർത്തിച്ചിട്ടുള്ള Mark Aitken, IAT തീരുമാനങ്ങളിൽ മനുഷ്യരുടെ മേൽനോട്ടമില്ലാത്തതിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വയോജനങ്ങൾക്കും കുടുംബങ്ങൾക്കും aged care സംവിധാനത്തിലൂടെ മുന്നോട്ട് പോകാൻ സ്വതന്ത്ര മാർഗനിർദേശവും പിന്തുണയും നൽകുന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. Support at Home ഫണ്ടിംഗ് അനുവദിച്ചതിനെതിരെ നിരവധി വയോജനങ്ങളെ പുനഃപരിശോധനയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് Aitken പറഞ്ഞു. എന്നാൽ പലർക്കും ദീർഘമായ അപ്പീൽ നടപടിക്രമത്തിനായി കാത്തിരിക്കാനുള്ള സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയോജന പരിചരണ നിയമം വ്യക്തികേന്ദ്രിതമായ സേവനമാണ് ലക്ഷ്യമിടുന്നതെങ്കിൽ, എന്തുകൊണ്ടാണ് വയോജനങ്ങളെ ഇത്രയും സങ്കീർണവും സമ്മർദപൂർണവുമായ അപ്പീൽ നടപടികളിലൂടെ കടത്തിവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. പുനഃപരിശോധനയ്ക്കായി കാത്തിരിക്കെ എത്ര പേർ ആശുപത്രിയിലേക്കോ താൽക്കാലിക പരിചരണ കേന്ദ്രങ്ങളിലേക്കോ സ്ഥിരമായ aged care സംവിധാനങ്ങളിലേക്കോ മാറേണ്ടിവന്നുവെന്നതും സർക്കാർ വ്യക്തമാക്കണമെന്നും Aitken ആവശ്യപ്പെട്ടു.
അതേസമയം, Shadow Health and Aged Care Minister Anne Ruston, പുനഃപരിശോധനാ അപേക്ഷകളുടെ എണ്ണം സർക്കാർ “മുഖമില്ലാത്ത അൽഗോരിതത്തെ” പരിചരണത്തിന് അർഹരായവരെ തീരുമാനിക്കാൻ ചുമതലപ്പെടുത്തിയതിന് ശേഷം വൻതോതിൽ വർധിച്ചുവെന്ന് ആരോപിച്ചു. പുനഃപരിശോധനാ അപേക്ഷകൾ ആറിരട്ടിയായി വർധിച്ചുവെന്നും, വയോജനങ്ങളും കുടുംബങ്ങളും കമ്പ്യൂട്ടറുമായി പോരാടേണ്ടി വരുന്ന സാഹചര്യമാണെന്നും Ruston പറഞ്ഞു. അൽഗോരിതം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓസ്‌ട്രേലിയൻ സെനറ്റ് ഒരു ബിൽ പാസാക്കിയിട്ടുണ്ടെങ്കിലും അത് House of Representatives-ൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു. വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടോ എന്നതിൽ അൽഗോരിതം മാത്രം തീരുമാനമെടുക്കണമോ, അതോ മനുഷ്യരുടെ നിർബന്ധിത മേൽനോട്ടം വേണമോ എന്ന ചർച്ചയാണ് ഇതോടെ വീണ്ടും ശക്തമായിരിക്കുന്നത്.