ഓസ്ട്രേലിയ കാലാവസ്ഥ Syed Hadi Naqvi/ Unsplash
Australia

ചുഴലിക്കാറ്റ് മുതൽ വെള്ളപ്പൊക്കവും തീപിടുത്തവും വരെ, കടുത്ത കാലാവസ്ഥ നേരിടാൻ ഓസ്‌ട്രേലിയ

ചില സംസ്ഥാനങ്ങളിൽ അത്യന്തം ഉയർന്ന തീപിടിത്ത സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്.

Elizabath Joseph

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ മുതൽ ‍കനത്ത മഴയും തീപിടിത്ത മുന്നറിയിപ്പുകളും വരെ ഉൾപ്പെടുന്ന അതിതീവ്ര കാലാവസ്ഥാ പ്രതിസന്ധിയെയാണ് ഈ ആഴ്ച ഓസ്‌ട്രേലിയ നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഭീഷണികളാണ് ഉയരുന്നത്.

വെസ്റ്റേൺ ഓസ്‌ട്രേലിയ സൈക്ലോൺ ഹെയ്‌ലിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ, നോർത്ത് ടെറിറ്ററിയിലും ക്വീൻസ്‌ലാൻഡിലും ജീവന്‍ ഭീഷണിയാകുന്ന ശക്തമായ കൊടുങ്കാറ്റുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിൽ അത്യന്തം ഉയർന്ന തീപിടിത്ത സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തീരത്തിനു സമീപം രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രി കിംബർലി മേഖലയിലെത്തുമെന്നാണ് പ്രവചനം.ചുഴലിക്കാറ്റ് കാറ്റഗറി മൂന്ന് ശക്തിയിലേക്കു ഉയർന്നേക്കാമെങ്കിലും കരയിൽ പ്രവേശിക്കുന്നതിന് മുമ്പ് കാറ്റഗറി രണ്ടായി ദുർബലമാകാൻ സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജിയിലെ കാലാവസ്ഥാ വിദഗ്ധയായ സാറ സ്കലി പറഞ്ഞു.

ബ്രൂമിൽ നിന്ന് കുറി ബേ വരെ ട്രോപ്പിക്കൽ സൈക്ലോൺ വാച്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ബ്രൂമിന് വടക്കുള്ള പ്രദേശങ്ങളിൽ നിന്ന് കേപ്പ് ലെവെക്ക് വരെ സൈക്ലോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

“മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റടിക്കാം,” സാറ സ്കലി പറഞ്ഞു.

ഈ ചുഴലിക്കാറ്റ് ശക്തമായ കാറ്റുകൾ സൃഷ്ടിച്ച് മരങ്ങൾ വീഴ്ത്താനും വൈദ്യുതി ലൈനുകൾ തകർക്കാനും വീടുകൾക്ക് നാശം വരുത്താനും സാധ്യതയുണ്ടെന്നും കനത്ത മഴ മൂലം പെട്ടെന്നുള്ള പ്രളയം, റോഡുകൾ അടച്ചുപൂട്ടൽ, ഗതാഗത തടസ്സങ്ങൾ എന്നിവയും ഉണ്ടാകാമെന്നും ബ്യൂറോ ഓഫ് മീറ്റിയോറോളജി അറിയിച്ചു

SCROLL FOR NEXT