

ഹോബാർട്ട്: ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ 38-കാരനായ ക്രിസ്റ്റഫർ ജോൺ വർക്കർക്ക് ടാസ്മാനിയൻ സുപ്രീം കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതി ഈ വ്യാജരേഖ ചമച്ചതെന്നാണ് കോടതിയുടെ വിലയിരുത്തൽ. നീതിന്യായ വ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.
താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് കാണിച്ചാണ് പ്രതി ഹോബാർട്ട് കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ 2026 ജനുവരി 1 നും ഫെബ്രുവരി 20 നും ഇടയിൽ ഇയാൾ ഈ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്ന് വ്യക്തമായി. 2025 നവംബറിൽ ഇയാൾക്ക് ലഭിച്ച യഥാർത്ഥ മെഡിക്കൽ സർട്ടിഫിക്കറ്റിലെ റഫറൻസ് നമ്പറും ഡോക്ടറുടെ ഒപ്പും ഫോട്ടോസ്റ്റാറ്റ്/എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പകർത്തിയാണ് പുതിയ വ്യാജരേഖ ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഫെബ്രുവരിയിലെ സർട്ടിഫിക്കറ്റിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് ബന്ധപ്പെട്ട ഡോക്ടറും സ്ഥിരീകരിച്ചു. പ്രതിയുടെ ആവശ്യപ്രകാരം താനാണ് ഈ വ്യാജരേഖ നിർമ്മിച്ചതെന്ന് പങ്കാളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവർക്കെതിരെയും പോലീസ് ഉടൻ കേസെടുക്കും.
വ്യാജരേഖകൾ ചമയ്ക്കാൻ പുതിയ സാങ്കേതികവിദ്യകൾ ആളുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുകയാണെന്ന് ജസ്റ്റിസ് കേറ്റ് കത്ബെർട്സൺ ചൂണ്ടിക്കാണിച്ചു. കോടതി നടപടികളിൽ നിന്ന് മനഃപൂർവ്വം ഒളിച്ചോടാൻ ശ്രമിക്കുന്നവർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഈ ശിക്ഷാവിധിയെന്ന് അവർ വ്യക്തമാക്കി. നിലവിൽ മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതിയുടെ ശിക്ഷാ കാലാവധി പൂർത്തിയാകുന്ന ഓഗസ്റ്റ് 6-ന് ശേഷമായിരിക്കും പുതിയ മൂന്ന് മാസത്തെ ജയിൽശിക്ഷ ആരംഭിക്കുക.