ന്യൂയോർക്ക്: ഈ വർഷം വടക്കേ അമേരിക്കയിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വില കുതിച്ചുയരുന്നതിലും, സീറ്റുകൾ അനുവദിക്കുന്നതിൽ ആരാധകരെ വഞ്ചിച്ചുവെന്ന പരാതികളിലും അന്താരാഷ്ട്ര ഫുട്ബോൾ ഭരണകൂടമായ 'ഫിഫ'യ്‌ക്കെതിരെ കടുത്ത അന്വേഷണം പ്രഖ്യാപിച്ച് യു.എസ് അധികൃതർ. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് ( ന്യൂജേഴ്‌സി അറ്റോർണി ജനറൽ ജെന്നിഫർ ഡാവൻപോർട്ട് (Jennifer Davenport) എന്നിവർ സംയുക്തമായാണ് ഫിഫയുടെ ടിക്കറ്റ് വിതരണ ചട്ടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
ലോകകപ്പിന്റെ കലാശപ്പോരാട്ടം (ഫൈനൽ) ഉൾപ്പെടെ എട്ട് പ്രധാന മത്സരങ്ങളാണ് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഈ മത്സരങ്ങളുടെ ടിക്കറ്റ് വില നിശ്ചയിച്ചതിലും സീറ്റുകൾ തരംതിരിച്ചതിലും ഫിഫ വലിയ കൃത്രിമം കാണിച്ചതായി അറ്റോർണി ജനറൽമാർ കുറ്റപ്പെടുത്തി. പല ആരാധകരും ഭീമമായ തുക നൽകി വാങ്ങിയ പ്രീമിയം കാറ്റഗറി ടിക്കറ്റുകൾ, പിന്നീട് ഫിഫ സ്റ്റേഡിയം മാപ്പ് പുനഃക്രമീകരിച്ച് സാധാരണ കാറ്റഗറിയിലേക്ക് മാറ്റിയതായാണ് പ്രധാന പരാതി. ഡിമാൻഡ് കൂടിയ സീറ്റുകൾക്കായി പുതിയ സോണുകൾ സൃഷ്ടിച്ചതിലൂടെ ആദ്യം ടിക്കറ്റ് എടുത്ത പലർക്കും തങ്ങൾ വിചാരിച്ചതിലും വളരെ പിന്നിലുള്ള സീറ്റുകളാണ് ലഭിച്ചത്. ഇത് കടുത്ത വഞ്ചനയാണെന്ന് ലെറ്റിഷ്യ ജെയിംസ് പറഞ്ഞു.
കൂടാതെ, കൃത്രിമമായ ക്ഷാമം സൃഷ്ടിച്ചും 'വേരിയബിൾ പ്രൈസിങ്' രീതി ഉപയോഗിച്ചും ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം ഉയർത്തിയതായും അന്വേഷണ പരിധിയിൽ പറയുന്നു. v അമേരിക്കയും പരാഗ്വേയും തമ്മിലുള്ള ഒരു മത്സരത്തിന് ഫിഫ ഈടാക്കിയത് 4,105 യു.എസ് ഡോളറാണ്. ടിക്കറ്റ് വിൽപനയെ ഫിഫ വെറും കൺഫ്യൂഷനും കൊള്ളവിലയും നിറഞ്ഞ ഒന്നാക്കി മാറ്റിയെന്ന് ജെന്നിഫർ ഡാവൻപോർട്ട് ആക്ഷേപിച്ചു. ഇതേസമയം, മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്കുകൾ 10 ഡോളറിൽ നിന്നും 100 ഡോളറായി ഉയർത്തിയ ട്രാൻസിറ്റ് കമ്പനിയുടെ നടപടിയും വലിയ വിവാദമായിട്ടുണ്ട്. എന്നാൽ ഉയർന്ന ഡിമാൻഡ് കാരണമാണ് വിലക്കയറ്റമെന്നാണ് ഫിഫയുടെ മുൻ നിലപാടെങ്കിലും പുതിയ നിയമനടപടികളോട് പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല.