ന്യൂയോർക്കിൽ ഉണ്ടായ ബസ് അപകടം. 
World

ന്യൂയോര്‍ക്കില്‍ വിനോദസഞ്ചാരികളുള്ള ബസ് അപകടത്തില്‍പ്പെട്ട് 5 മരണം

നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി വഴി ന്യൂയോര്‍ക്കിലേക്ക് പോയ ബസ് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.

Safvana Jouhar

ന്യൂയോര്‍ക്കില്‍ വിനോദസഞ്ചാരികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് 5 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന, ഫിലീപ്പീന്‍സ് സ്വദേശികളാണ്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി വഴി ന്യൂയോര്‍ക്കിലേക്ക് പോയ ബസ് ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോച്വല്‍ അറിയിച്ചു.

മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. എങ്കിലും മരിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു വയസുള്ള കുട്ടി മുതല്‍ 74 വയസ് പ്രായമുള്ള ആള്‍ വരെ ബസിലുണ്ടായിരുന്നതായാണ് അധികൃതര്‍ കൈമാറുന്ന വിവരം. 52 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന പലരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും ഇടിയുടെ ആഘാതത്തില്‍ പലരും തെറിച്ച് പുറത്തേക്ക് വീണത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകട കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി സ്‌റ്റേറ്റ് പൊലീസ് ട്രൂപ്പ് കമാന്‍ഡര്‍ ആന്‍ഡ്രെ റേ ബിബിസിയോട് പറഞ്ഞു. നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നും 40 മൈലുകള്‍ക്ക് അകലെയാണ് അപകടം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT