ന്യൂഡൽഹി: 2023-ലെ ഇന്ത്യ സന്ദർശന വേളയിൽ ന്യൂഡൽഹിയിൽ തനിക്ക് ലഭിച്ച രാജകീയ സ്വീകരണം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രമുഖ മാധ്യമപ്രവർത്തകൻ അലസാണ്ട്രോ സല്ലുസ്തിയുമായുള്ള ദീർഘസംഭാഷണങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ‘ജോർജിയാസ് വിഷൻ’ (Giorgia's Vision) എന്ന പുതിയ പുസ്തകത്തിലാണ് ഇന്ത്യയിലെ മധുരമുള്ള ഓർമ്മകൾ അവർ പങ്കുവെച്ചത്.
അന്ന് ഇന്ത്യയിൽ ഒപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടജാനി, മെലോണിക്ക് ഇന്ത്യയിലുള്ള ജനപ്രീതി കണ്ട് "നിങ്ങൾ ന്യൂഡൽഹിയിൽ വന്ന് മത്സരിച്ചാൽ കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും കിട്ടും" എന്ന് തമാശയായി പറഞ്ഞ കാര്യം മെലോണി പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഡൽഹി വിമാനത്താവളം മുതൽ നഗരത്തിലേക്കുള്ള വഴിയിലുടനീളം തന്റെ ചിത്രങ്ങൾ പതിച്ച വലിയ സ്വാഗത ബോർഡുകൾ സ്ഥാപിച്ചിരുന്നു. താൻ മടങ്ങിപ്പോകുമ്പോൾ അതേ പോസ്റ്ററുകളിൽ ‘സന്ദർശനത്തിന് നന്ദി’ എന്ന് തിരുത്തി എഴുതിയ ഇന്ത്യയുടെ ആതിഥ്യമര്യാദ തന്നെ ഏറെ ആകർഷിച്ചതായും മെലോണി കുറിച്ചു.
സോഷ്യൽ മീഡിയയിലെ 'മെലോഡി' തരംഗവും നയതന്ത്രവും:
2023-ൽ രണ്ട് തവണയാണ് ജോർജിയ മെലോണി ഇന്ത്യ സന്ദർശിച്ചത്. മാർച്ചിൽ റെയ്സിന ഉച്ചകോടിയിലും സെപ്റ്റംബറിൽ ജി20 ഉച്ചകോടിയിലും അവർ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെലോണി പുലർത്തുന്ന അടുത്ത സൗഹൃദം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാണ്. ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ 'മെലോഡി' (Melodi) എന്ന പേരിൽ വലിയ തരംഗമായി മാറിയിരുന്നു. ഔപചാരികതകൾക്കപ്പുറം രാഷ്ട്രത്തലവന്മാർ തമ്മിലുള്ള വ്യക്തിപരമായ ബന്ധങ്ങളാണ് പല നയതന്ത്ര വിജയങ്ങൾക്കും പിന്നിലെന്ന് മെലോണി പുസ്തകത്തിൽ അടിവരയിടുന്നു.
ദേശീയത, കുടുംബം, ആഗോള രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന പുസ്തകത്തിൽ മറ്റ് ലോകനേതാക്കളുമായുള്ള രസകരമായ അനുഭവങ്ങളും മെലോണി പങ്കുവെക്കുന്നുണ്ട്. ടുണീഷ്യൻ പ്രസിഡന്റുമായി ഒരു സിഗരറ്റ് ഇടവേളയിൽ ആരംഭിച്ച സൗഹൃദം, മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തന്റെ മകൾക്ക് സമ്മാനിച്ച 'ഹലോ കിറ്റി' പാവ, പോളണ്ടിലെ കഫേ സന്ദർശനം എന്നിവയും ഇതിലുണ്ട്. പ്രശസ്തമായ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് (J.D. Vance) ആണെന്നതും ശ്രദ്ധേയമാണ്.