ട്രംപ്–ഷി കൂടിക്കാഴ്ച്ച ABC News
World

ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്ക് കനത്ത തിരിച്ചടി; 50% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ്

ഇറാന് ചൈന സൈനിക സഹായം നൽകുന്നതായി കണ്ടെത്തിയാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Elizabath Joseph

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളിൽ ഇറാന് പിന്തുണ നൽകിയാൽ ചൈനയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ചൈന സൈനിക സഹായം നൽകുന്നതായി കണ്ടെത്തിയാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.

ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന നീക്കം നടത്തുന്നതായുള്ള അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. നിലവിലുള്ള വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധങ്ങൾ ശേഖരിക്കാനായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ എണ്ണയെ ആശ്രയിക്കുന്നത് ചൈന അവസാനിപ്പിക്കണമെന്നും, പകരമായി അമേരിക്കയുടെ വ്യാപാര പങ്കാളിയായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാക്കാമെന്നും ട്രംപ് ചൈനയ്ക്ക് വാഗ്ദാനം നൽകി.

അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ചൈനീസ് എംബസി, തങ്ങൾ ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകുന്നില്ലെന്ന് വ്യക്തമാക്കി. സംഘർഷങ്ങൾക്കിടയിലും അടുത്ത മാസം ചൈന സന്ദർശിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും സുരക്ഷാ പ്രശ്നങ്ങളുമായിരിക്കും സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളിൽ ചൈനയുടെ നിലപാട് ഈ കൂടിക്കാഴ്ചയിൽ നിർണ്ണായകമാകും.

SCROLL FOR NEXT