ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടുന്ന സംഘം 17 ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചു വരുന്നത്. ഇന്ന് വൈകുന്നേരം 4.30നാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്യുക.
ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാന്‍ഷു വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ബഹിരാകാശ പര്യവേഷണത്തിലേക്കുളള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതേയുള്ളൂ എന്നും ശുഭാന്‍ഷു പറഞ്ഞു. ബഹിരാകാശ ദൗത്യത്തിന്റെ അൺഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ശുഭാന്‍ഷു. ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമായിരുന്നു.