ബോർഡ് ഓഫ് പീസി'ൽ സ്ഥിര അംഗത്വം ലഭിക്കാന്‍ 100 കോടി ഡോളര്‍ സംഭാവന നല്‍കണം.  
World

ബോർഡ് ഓഫ് പീസ്: ട്രംപിന്റെ ക്ഷണത്തോട് കരുതലോടെ പ്രതികരിച്ച് ലോക രാജ്യങ്ങൾ

ട്രംപുമായി നല്ല അടുപ്പമുള്ള ഹംഗറി മാത്രമാണ് ക്ഷണം സ്വീകരിച്ചത്. അമേരിക്കയുടെ ഈ നീക്കത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇസ്രായേൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു.

Safvana Jouhar

വാഷിങ്ടണ്‍: അമേരിക്ക പുതുതായി രൂപം നൽകിയ ‘ബോർഡ് ഓഫ് പീസി’ൽ ചേരാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണത്തോട് കരുതലോടെ പ്രതികരിച്ച് ലോക രാജ്യങ്ങൾ. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ‘ബോർഡ് ഓഫ് പീസ്’ വിഭാവനം ചെയ്തിരിക്കുന്നത്. ‘സംഘർഷമുള്ളതോ സംഘർഷഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരതകൈവരുത്തുന്നതിനും ആശ്രയിക്കാൻകഴിയുന്നതും നിയമാനുസൃതവുമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന’ എന്നാണ് ബോർഡ് ഓഫ് പീസിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. ട്രംപ് നിരന്തരം വിമർശിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്ക് പകരമാകുമോ 'ബോർഡ് ഓഫ് പീസ്' എന്ന് ലോകരാജ്യങ്ങൾ ഇതിനകം ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. 'ബോർഡ് ഓഫ് പീസ്' ട്രംപിന്റെ ഐക്യരാഷ്ട്രസഭ’യാണെന്ന് യൂറോപ്യൻ നയതന്ത്രജ്ഞർ പറഞ്ഞതായി ‘റോയിറ്റേഴ്സ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാസായുദ്ധം അവസാനിപ്പിക്കുന്നതിനും പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായി സമാധാനസമിതിയുണ്ടാക്കാനാണ് യുഎൻ രക്ഷാസമിതി അനുമതി നൽകിയത്. അതിന് 2027 വരെയാണ് കാലാവധി എന്നാൽ ട്രംപിൻ്റെ ബോർഡ് ഓഫ് പീസ് അത് കഴിഞ്ഞും തുടരുമെന്നാണ് യുഎസ് സൂചന നൽകിയത്.

ട്രംപ് ആജീവനാന്ത അധ്യക്ഷനായ ബോർഡിൽ മൂന്നുവർഷത്തെ അംഗത്വമാണ് ഒരു രാജ്യത്തിനു നൽകുക. എന്നാൽ 'ബോർഡ് ഓഫ് പീസി'ൽ സ്ഥിര അംഗത്വം ലഭിക്കാന്‍ 100 കോടി ഡോളര്‍ സംഭാവന നല്‍കണം. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഗാസയുടെ പുനർനിർമ്മാണത്തിനായി മാറ്റിവെക്കും. ഫ്രാൻസ്, ജർമനി, ഇറ്റലി, ഹംഗറി, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ കമ്മിഷൻ, പശ്ചിമേഷ്യയിലെ പ്രമുഖരാജ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ക്ഷണപത്രം അയച്ചത്. ഇതിൽ ട്രംപുമായി നല്ല അടുപ്പമുള്ള ഹംഗറി മാത്രമാണ് ക്ഷണം സ്വീകരിച്ചത്. അമേരിക്കയുടെ ഈ നീക്കത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇസ്രായേൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. ഇസ്രായേലുമായി കൂടിയാലോചിച്ചിട്ടില്ലെന്നും ഇത് രാജ്യത്തിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഗാസ ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ ഇന്ത്യയ്ക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍ ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് ക്ഷണം നല്‍കിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇസ്രായേല്‍ - ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഭാഗമായാണിത്. ഇന്ത്യ പദ്ധതിയില്‍ അംഗമാകുമോ എന്നതില്‍ വ്യക്തതയില്ല. അമേരിക്കയുടെ ക്ഷണത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലവില്‍ പ്രതികരിച്ചിട്ടില്ല. താരിഫ് വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.

SCROLL FOR NEXT