(9News)
World

റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ നൊറോവൈറസ് വ്യാപനം; 120-ലധികം പേർക്ക് രോഗലക്ഷണങ്ങൾ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് അലാസ്കയിലേക്കും ബ്രിട്ടീഷ് കൊളംബിയയിലേക്കും നടത്തിയ 20 ദിവസത്തെ യാത്രയ്ക്കിടെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

Safvana Jouhar

2020-ൽ സിഡ്നിയിൽ കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് വിവാദമായിരുന്ന റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തു. ഇത്തവണ 120-ലധികം യാത്രക്കാർക്കും ജീവനക്കാർക്കും നൊറോവൈറസിന്റെ ലക്ഷണങ്ങൾ പ്രകടമായതായി അധികൃതർ അറിയിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് അലാസ്കയിലേക്കും ബ്രിട്ടീഷ് കൊളംബിയയിലേക്കും നടത്തിയ 20 ദിവസത്തെ യാത്രയ്ക്കിടെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

യാത്രക്കാർക്ക് വയറിളക്കവും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതായി പ്രിൻസസ് ക്രൂയിസസ് അറിയിച്ചു. അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നൽകിയ വിവരമനുസരിച്ച്, കപ്പലിലുണ്ടായിരുന്ന 102 യാത്രക്കാരും 24 ജീവനക്കാരുമാണ് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കപ്പലിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും, രോഗലക്ഷണമുള്ള യാത്രക്കാരിൽ നിന്ന് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതായും, രോഗബാധിതരായ യാത്രക്കാരെയും ജീവനക്കാരെയും ഐസൊലേഷനിലാക്കിയതായും പ്രിൻസസ് ക്രൂയിസസ് അറിയിച്ചു. സംഭവത്തിൽ സിഡിസിയുമായി നിരന്തരം സഹകരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.

2020 മാർച്ചിൽ സിഡ്നിയിൽ നിന്ന് യാത്ര തിരിച്ച് തിരിച്ചെത്തിയ റൂബി പ്രിൻസസ് കപ്പലിൽ 2,641 യാത്രക്കാരിൽ 663 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 1,679 പേർ ഓസ്ട്രേലിയക്കാരായിരുന്നു. ആ യാത്രയുമായി ബന്ധപ്പെട്ട് 28 പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും യാത്രയ്ക്ക് മുമ്പ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നും കണ്ടെത്തി 2023 ഒക്ടോബറിൽ ഫെഡറൽ കോടതി കർണിവൽ കോർപ്പറേഷനെതിരെ വിധി പ്രസ്താവിച്ചിരുന്നു.

എന്താണ് നൊറോവൈറസ്?

നൊറോവൈറസ് വളരെ എളുപ്പത്തിൽ പകരുന്ന വൈറസ് രോഗമാണ്. പ്രധാന ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമാണ്. വൈറസുമായി സമ്പർക്കത്തിൽ വന്നതിന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. സാധാരണയായി ഒന്നു മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗം ഭേദമാകുമെങ്കിലും, രോഗമുക്തിക്ക് ശേഷവും രണ്ടാഴ്ച വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. പനി, ശരീരവേദന, തലവേദന എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടാം. രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തുക, ഭക്ഷണവും പാനീയങ്ങളും പങ്കുവെക്കുക, വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. രോഗബാധ ഒഴിവാക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, മലിനമായ പ്രതലങ്ങൾ അണുവിമുക്തമാക്കുക, ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുക എന്നിവ പാലിക്കണമെന്ന് സിഡിസി നിർദേശിക്കുന്നു.

SCROLL FOR NEXT