എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ റുബൻ ഒസിഗുവേര 
World

കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവനായ എൽ മെൻചോയെ വധിച്ച് മെക്സിക്കോ

എൽ മെൻചോയെക്കുറിച്ച് വിവരം തരുന്നവർക്ക് 15 മില്യൺ ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്.

Safvana Jouhar

മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ റുബൻ ഒസിഗുവേര കൊല്ലപ്പെട്ടു. മെക്സിക്കോയിലെ പടിഞ്ഞാറൻ നഗരമായ ജലിസ്‌കോയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്‌തെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയും കാർട്ടൽ അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ജലിസ്കോ പ്രദേശത്തുതന്നെ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സംസ്ഥാന ഭരണകൂടങ്ങളുടെ കൂടിചേർന്നുതന്നെ ഈ അക്രമങ്ങൾ അവസാനിപ്പിക്കുമെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പറഞ്ഞു.

എൽ മെൻചോയുയുടെ കാർട്ടലിനെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.

ജലിസ്‌കോ ന്യൂ ജനറേഷനൽ കാർട്ടൽ എന്ന മയക്കുമരുന്ന് കാർട്ടലിന്റെ തലവനായിരുന്നു എൽ മെൻചോ. മയക്കുമരുന്ന് കടത്തിന് പിന്നാലെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിലും സംഘം ഏർപ്പെട്ടിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടാണ് സംഘം മെക്സിക്കോയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സിൻഡിക്കേറ്റ് ആയി മാറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട കാർട്ടലും എൽ മെൻചോയുടേതായിരുന്നു. അതേസമയം അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ നടപടികൾ ശക്തമാക്കാൻ മെക്സിക്കോയ്ക്കുമേൽ യുഎസ് സമ്മർദം ചെലുത്തുന്നതിനിടെയാണ് എൽ മെൻചോയെ വധിച്ചുകൊണ്ടുള്ള മെക്സിക്കൻ സൈനികനടപടി ഉണ്ടാകുന്നത്. എൽ മെൻചോയെക്കുറിച്ച് വിവരം തരുന്നവർക്ക് 15 മില്യൺ ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. എൽ മെൻചോയുയുടെ കാർട്ടലിനെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയിലുള്ള അമേരിക്കൻ പൗരന്മാരോട് സുരക്ഷിതരായിരിക്കാൻ യുഎസ് ആവശ്യപ്പെട്ടു. കാനഡയും തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT