തായ്‌വാനുമായുള്ള കോടികളുടെ ആയുധക്കരാർ യു.എസ് മരവിപ്പിച്ചു Reuters: Ann Wang
World

തായ്‌വാനുമായുള്ള കോടികളുടെ ആയുധക്കരാർ മരവിപ്പിച്ചു യുഎസ്;പശ്ചിമേഷ്യൻ യുദ്ധസാഹചര്യമെന്ന് വിശദീകരണം

ആയുധ വിൽപനയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തായ്‌വാൻ പ്രസിഡൻഷ്യൽ ഓഫീസ് വക്താവ് കാരെൻ കുവോ പ്രതികരിച്ചു.

Elizabath Joseph

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ തങ്ങളുടെ സൈന്യത്തിന് ആവശ്യമായ ആയുധശേഖരം ഉറപ്പുവരുത്തുന്നതിനായി തായ്‌വാനുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ ആയുധ വിൽപന അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു . തായ്‌വാൻ വാങ്ങാനിരുന്ന 19.6 ബില്യൺ ഡോളറിന്റെ ആയുധക്കരാർ വൈകുന്നതിനെക്കുറിച്ച് യു.എസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ സംസാരിക്കവെ നാവികസേനയുടെ ആക്ടിങ് സെക്രട്ടറി ഹങ് കാവോയാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. നിലവിലെ പ്രത്യേക സൈനിക ഓപ്പറേഷനുകൾക്ക് ആവശ്യമായ ആയുധങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഈ താൽക്കാലിക തടസ്സമെന്നും ഭരണകൂടത്തിന്റെ അനുമതിയോടെ വിദേശ ആയുധ വിൽപന പിന്നീട് പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ് യു.എസ് രാഷ്ട്രീയനേതൃത്വം തായ്‌വാനുമായുള്ള 19.6 ബില്യൺ ഡോളറിന്റെ ഈ വമ്പൻ ആയുധക്കരാറിന് അംഗീകാരം നൽകിയത്. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് ഔദ്യോഗികമായി യു.എസ് കോൺഗ്രസിന് സമർപ്പിച്ചാൽ മാത്രമേ കരാറുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഇതിനുപുറമെ കഴിഞ്ഞ ഡിസംബറിൽ തായ്‌പേയിക്കായി പ്രഖ്യാപിച്ച മറ്റൊരു 15.4 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജും നിലവിൽ എങ്ങുമെത്താതെ നിൽക്കുകയാണ്. ആയുധ വിൽപനയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തായ്‌വാൻ പ്രസിഡൻഷ്യൽ ഓഫീസ് വക്താവ് കാരെൻ കുവോ പ്രതികരിച്ചു.

അതേസമയം, യു.എസിന്റെ ആയുധ വിൽപന താൽക്കാലികമായി നിർത്തിവെച്ച വാർത്ത പുറത്തുവന്നതോടെ തായ്‌വാന്റെ പരമാധികാരത്തിന്മേൽ ട്രംപ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചൈന സന്ദർശിക്കുന്നതിന് മുന്നോടിയായി, തായ്‌വാൻ ആയുധക്കരാറിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിന്റെ പരമ്പരാഗത വിദേശനയങ്ങളിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. ചൈനീസ് സന്ദർശനത്തിന് ശേഷം തായ്‌വാൻ വിഷയത്തിൽ ഷി ജിൻപിംഗിന് പ്രത്യേക ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നും ആയുധക്കരാറിന്റെ കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. തായ്‌വാൻ മേഖലയിലേക്കുള്ള അമേരിക്കയുടെ ആയുധ വിതരണത്തെ എക്കാലത്തും ശക്തമായി എതിർക്കുന്ന നിലപാടാണ് ചൈനയുടേത്.

5.

SCROLL FOR NEXT