Donald Trump  
World

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപ് യുഗത്തിന്റെ അന്ത്യമോ? ജനപ്രീതിയിൽ റെക്കോർഡ് ഇടിവ്

ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സെനറ്റിലും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തുമെന്നുമാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന.

Elizabath Joseph

വാഷിംഗ്ടൺ: അടുത്തയാഴ്ച നടക്കാനിരിക്കുന്ന നിർണ്ണായകമായ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽവൻ തിരിച്ചടി ഭയന്ന് റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. 2024-ൽ കമല ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് അധികാരത്തിലെത്തിയപ്പോൾ ഒപ്പംനിന്ന വർക്കിംഗ് ക്ലാസ് വോട്ടർമാരും ഹിസ്പാനിക്, കറുത്തവർഗ്ഗ വിഭാഗങ്ങളും ജീവിതച്ചെലവ് പ്രതിസന്ധിയെ തുടർന്ന് ട്രംപിൽ നിന്ന് അകന്നതാണ് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സെനറ്റിലും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തുമെന്നുമാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റിനും ലഭിക്കാത്ത വിധത്തിലുള്ള ഏറ്റവും കുറഞ്ഞ റേറ്റിംഗാണ് നിലവിൽ ട്രംപിന് ലഭിച്ചിരിക്കുന്നത്. യുഗോവ്-ഇക്കണോമിസ്റ്റ് സർവേയിൽ മൈനസ് 27 (-27) ആണ് ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ്; 34 ശതമാനം വോട്ടർമാർ മാത്രമാണ് പ്രസിഡന്റിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നത്. റിപ്പബ്ലിക്കൻമാരുടെ പരമ്പരാഗത ശക്തികേന്ദ്രമായ ടെക്സാസിൽ പോലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജെയിംസ് തലറിക്കോ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ കെൻ പാക്സ്റ്റണിനേക്കാൾ മുന്നിലെത്തിയത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. വൻ തിരിച്ചടി മുന്നിൽക്കണ്ട് സ്വന്തം സ്വാധീന മേഖലകളായ കൻസാസ്, അലബാമ, അയോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും ട്രംപിന് നേരിട്ടെത്തി റാലികൾ നടത്തേണ്ടി വന്നു.

ബാലറ്റിൽ സ്വന്തം പേരില്ലെങ്കിലും തന്നെ മനസ്സിൽക്കണ്ട് വോട്ട് ചെയ്യാനാണ് ട്രംപ് അണികളോട് ആഹ്വാനം ചെയ്യുന്നത്. എന്നാൽ സാമ്പത്തിക ഞെരുക്കവും പണപ്പെരുപ്പവും സാധാരണക്കാരെ അലട്ടുമ്പോൾ ഈ തന്ത്രം തിരിച്ചടിയാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആശങ്ക. ജനപ്രതിനിധി സഭയിൽ കേവലം മൂന്ന് സീറ്റുകൾ മാത്രം നഷ്ടപ്പെട്ടാൽ റിപ്പബ്ലിക്കൻമാർക്ക് സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടും. ഇടക്കാല തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചാൽ ട്രംപിന്റെ രാഷ്ട്രീയ ആധിപത്യം തകരുകയും പാർട്ടിയിലെ നേതൃത്വത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വരികയും ചെയ്യും. 2028-ലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് പുതിയ നേതാക്കൾ ഉയർന്നുവരുന്നതോടെ ട്രംപിന്റെ രാഷ്ട്രീയ പദ്ധതികളുടെ അന്ത്യം കുറിക്കുന്നതാകും ഈ ഇടക്കാല തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്.

SCROLL FOR NEXT