ദുബായ്: മാസങ്ങൾ നീണ്ട ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ ആഴ്ച രൂപീകരിച്ച താൽക്കാലിക സമാധാന കരാർ പാടെ തകർത്തു കൊണ്ട് പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ കടുത്ത വ്യോമാക്രമണം. കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് സിംഗപ്പൂർ ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി വെള്ളിയാഴ്ച രാത്രി യുഎസ് സെൻട്രൽ കമാൻഡ് ദക്ഷിണ ഇറാനിലെ സിറിക് തുറമുഖ നഗരത്തിലെ റഡാറുകൾക്കും ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും നേരെ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ശനിയാഴ്ച മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായി.
യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനമായ ബഹ്‌റൈൻ തങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സ്വയം പ്രതിരോധിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടയിൽ ശനിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന പനാമ പതാക ഘടിപ്പിച്ച 'കിങ്കു' എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെയും അജ്ഞാത ഷെല്ലാക്രമണമുണ്ടായി. കപ്പലിന്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് മാരിടൈം ഏജൻസിയായ UKMTO അറിയിച്ചു. തങ്ങൾ നിശ്ചയിച്ച പാതയിലൂടെയല്ലാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ മുന്നറിയിപ്പ് വെടിയുതിർക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണം.
രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങളുമായി ട്രംപും വാൻസും:
ഇറാന്റെ ഈ നീക്കങ്ങൾ സമാധാന കരാറിന്റെ കടുത്ത ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. തുടർനടപടിയെന്നോണം, കരാറിലെ വ്യവസ്ഥകളിൽ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഫോണിലൂടെ സംസാരിക്കാമെന്നും എന്നാൽ അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എക്സിലൂടെ ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഇസ്രായേലും ലെബനനും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ സുരക്ഷാ കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, തെക്കൻ ലെബനനിലെ നബതിയ മേഖലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. പുതിയ യുദ്ധപ്രതിസന്ധികൾക്കിടയിലും ആഗോള വിപണിയിൽ എണ്ണവിലയിൽ താൽക്കാലികമായി 3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.