യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്  Reuters: Nathan Howard/Pool
World

സമാധാന ചർച്ചകളിൽ നിർണ്ണായക പുരോഗതി; ആണവ പരിശോധനയ്ക്ക് അനുമതി നൽകി ഇറാൻ, നിയന്ത്രണങ്ങൾ നീക്കി യുഎസ്

ഇറാനിലെ തർക്കവിഷയമായ ആണവനിലയങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് വീണ്ടും പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രഖ്യാപിച്ചു

Elizabath Joseph

ബേൺ: സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന യുഎസ്-ഇറാൻ ഉന്നതതല ചർച്ചകളിൽ വൻ മുന്നേറ്റം. ഇറാനിലെ തർക്കവിഷയമായ ആണവനിലയങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് വീണ്ടും പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ സംഘർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പരിശോധനയ്ക്ക് ഇറാൻ പച്ചക്കൊടി കാണിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ സമാധാന ഉടമ്പടിയിലെത്താൻ 60 ദിവസത്തെ റോഡ്മാപ്പിന് ചർച്ചയിൽ അംഗീകാരം നൽകി. "അന്തിമ കരാർ എന്നത് ഒരു വീട് നിർമ്മിക്കുന്നത് പോലെയാണ്; നമ്മൾ ഇപ്പോൾ അതിനുള്ള ശക്തമായ അടിത്തറയിട്ടു കഴിഞ്ഞു," ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫുമായുള്ള ചർച്ചയ്ക്ക് ശേഷം വാൻസ് വാർത്താലേഖകരോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഒമാൻ കടലിടുക്കും ഹോർമുസ് കടലിടുക്കും സുരക്ഷിതമായി തുറന്നുപ്രവർത്തിക്കാനും ലബനനിലെ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം അവസാനിപ്പിക്കാനായി ഒരു പ്രത്യേക 'ഡി-കോൺഫ്ലിക്ഷൻ സെൽ' രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.

ഇറാൻ ഓയിൽ ഉപരോധത്തിൽ 60 ദിവസത്തെ ഇളവ്; ആസ്തികൾ അമേരിക്കൻ ധാന്യങ്ങൾ വാങ്ങാൻ ഉപയോഗിക്കും:ചർച്ചകളിൽ പുരോഗതി ഉണ്ടായതിന് തൊട്ടുപിന്നാലെ, ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് യുഎസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. ഇതോടെ ഓഗസ്റ്റ് 21 വരെ ഇറാന് തടസ്സമില്ലാതെ എണ്ണ വില്പന നടത്താം.

വർഷങ്ങളായി അന്താരാഷ്ട്ര ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ശതകോടികളുടെ ആസ്തികൾ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ മരുമകനും യുഎസ് പ്രതിനിധിയുമായ ജാരെദ് കുഷ്നർ ഖത്തറുമായി ചേർന്ന് ഒരു പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. ഇതനുസരിച്ച്, മരവിപ്പിച്ച തുക ഉപയോഗിച്ച് ഇറാനിലെ സാധാരണ ജനങ്ങൾക്കായി അമേരിക്കൻ കർഷകരിൽ നിന്നും വൻതോതിൽ ചോളം, ഗോതമ്പ്, സോയാബീൻ എന്നിവ വാങ്ങാൻ അനുമതി നൽകും. ഈ ഫണ്ട് ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസിനും ഖത്തറിനും മേൽനോട്ട ചുമതല ഉണ്ടായിരിക്കും. നിലവിൽ ഉന്നതതല ചർച്ചകൾ പൂർത്തിയായതായും കൂടുതൽ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാനായുള്ള ഉപസമിതി യോഗങ്ങൾ സ്വിറ്റ്‌സർലൻഡിൽ തുടരുമെന്നും മധ്യസ്ഥർ അറിയിച്ചു.

SCROLL FOR NEXT