വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ABC News
World

മഡുറോയെ പിടികൂടിയ യുഎസ് നടപടി: 24 വെനസ്വേലൻ സുരക്ഷാസേനാംഗങ്ങളും 32 ക്യൂബൻ സൈനികരും കൊല്ലപ്പെട്ടു

ആകെ മരണസംഖ്യ 56-ൽ കൂടുതലാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Elizabath Joseph

കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂടാൻ യുഎസ് നടത്തിയ സൈനിക ഇടപെടലിൽ സുരക്ഷാസേനയിലെ 24 അംഗങ്ങൾ കൊല്ലപ്പെട്ടതായി വെനസ്വേലൻ സൈന്യം അറിയിച്ചു. മഡുറോയുടെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന ക്യൂബൻ സൈനികരും പോലീസ് ഉദ്യോഗസ്ഥരുമടക്കം 32 പേർ മരിച്ചതായി ക്യൂബൻ സർക്കാർ പ്രഖ്യാപിച്ചു. ആകെ മരണസംഖ്യ 56-ൽ കൂടുതലാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജനുവരി 3-ന് പുലർച്ചെയാണ് 'ഓപ്പറേഷൻ ആബ്സല്യൂട്ട് റിസോൾവ്' എന്ന പേരിലുള്ള യുഎസ് സൈനിക നീക്കം നടന്നത്. ഹെലികോപ്റ്ററുകളിലും ഫൈറ്റർ ജെറ്റുകളിലും നാവികസേനയുടെ പിന്തുണയോടെ കാരക്കാസിലെ ഫോർട്ട് ടിയൂണ മിലിട്ടറി കോംപ്ലക്സിൽ നിന്ന് മഡുറോയെയും ഭാര്യയെയും യുഎസ് പ്രത്യേക സേന പിടികൂടി. ലഹരിമരുന്ന് കടത്ത്, നാർകോ-ടെററിസം, ആയുധക്കൈവശവയ്പ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും അമേരിക്കയിലേക്ക് കൊണ്ടുപോയത്.

ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ജനുവരി 5-ന് ഹാജരാക്കിയ മഡുറോ കുറ്റങ്ങൾ നിഷേധിച്ചു. 'ഞാൻ നിരപരാധിയാണ്, ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിലിയ ഫ്‌ളോറസും കുറ്റം നിഷേധിച്ചു. കേസ് മാർച്ച് 17-ലേക്ക് മാറ്റി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപടിയെ 'ബ്രില്യന്റ്' എന്ന് വിശേഷിപ്പിച്ചു. അതേസമയം, റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇടപെടലിനെ അപലപിച്ചു. വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു.

SCROLL FOR NEXT