World

ഇറാനെതിരെ റെക്കോർഡ് മിസൈൽ ആക്രമണം;സൈനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പീരങ്കി ആക്രമണമെന്ന് സൈന്യം

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ ഭൂഗർഭ മിസൈൽ സംഭരണശാലകളും തകർക്കപ്പെട്ടു.

Elizabath Joseph

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫീൽഡ് ആർട്ടിലറി ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. അതിനൂതനമായ പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഇറാൻ്റെ 130 യുദ്ധക്കപ്പലുകൾ ഉൾപ്പെടെ എണ്ണായിരത്തിലധികം സൈനിക ലക്ഷ്യങ്ങൾ തകർത്തതായും ഇത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ നാവിക നശീകരണമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ ഭൂഗർഭ മിസൈൽ സംഭരണശാലകളും തകർക്കപ്പെട്ടു. അമേരിക്കൻ യുദ്ധവിമാനങ്ങൾ 2,300 കിലോഗ്രാം ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് ആന്റി-ഷിപ്പ് മിസൈലുകളും ലോഞ്ചറുകളും സൂക്ഷിച്ചിരുന്ന ഈ രഹസ്യ കേന്ദ്രങ്ങൾ തകർത്തത്. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനുണ്ടായിരുന്ന സ്വാധീനം വലിയ തോതിൽ കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, നതാൻസ് ആണവനിലയത്തിന് നേരെയും യുഎസ്-ഇസ്രായേൽ സഖ്യം ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. എന്നാൽ ആണവ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു, ഇത് മിഡിൽ ഈസ്റ്റിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഇറാനിലെ ഭീകര ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ ശക്തമായ സംയുക്ത ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.

SCROLL FOR NEXT