ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സൈനിക ഉപഗ്രഹ ആശയവിനിമയ സംവിധാനമായ സ്റ്റാർഷീൽഡിൽ ദിവസങ്ങളോളം ഗുരുതര തടസ്സം നേരിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രെയ്നിലെ മുഴുവൻ യുദ്ധമുന്നണിയെയും റഷ്യൻ അധിനിവേശത്തിലുള്ള പ്രദേശങ്ങളെയും ഈ തടസ്സം ബാധിച്ചതായി അദ്ദേഹം പറഞ്ഞു. സാധാരണ സ്റ്റാർലിങ്ക് ഉപഗ്രഹ സേവനത്തിന്റെ സൈനിക പതിപ്പാണ് സ്റ്റാർഷീൽഡ്. ടെലിഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ, സ്റ്റാർഷീൽഡ് ഉപയോഗിക്കുന്നതിന്റെ വേഗം മണിക്കൂറിൽ 161 കിലോമീറ്ററായി പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയതെന്ന് സെലൻസ്കി വ്യക്തമാക്കി.
ഇതുമൂലം റഷ്യയുടെ ജെറ്റ് എൻജിൻ ഉപയോഗിച്ചുള്ള ഡ്രോണുകളെ വെടിവെച്ചിടാൻ യുക്രെയ്ന്റെ പ്രതിരോധ ഡ്രോണുകൾക്ക് ആവശ്യമായ വേഗം കൈവരിക്കാനാകുന്നില്ലെന്നും ചില ആക്രമണങ്ങൾ ഇതിനകം വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ നിയന്ത്രണം കൂടുതൽ യുക്രെയ്ൻ പൗരന്മാരുടെ മരണത്തിനും കൃത്യതയേറിയ ആക്രമണങ്ങൾക്കും റഷ്യയെ സഹായിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു. നിയന്ത്രണത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ അമേരിക്കൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ മധ്യത്തിൽ സ്റ്റാർലിങ്കിന്റെയും സ്റ്റാർഷീൽഡിന്റെയും വേഗം സ്പേസ് എക്സ് പെട്ടെന്ന് പരിമിതപ്പെടുത്തിയതായി യുക്രെയ്ൻ അധികൃതർ ആരോപിച്ചിരുന്നു. മണിക്കൂറിൽ ഏകദേശം 160 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ഡ്രോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനം ഇതുമൂലം തടസ്സപ്പെട്ടു. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്കെതിരായ യുക്രെയ്ൻ ആക്രമണങ്ങളെച്ചൊല്ലി ട്രംപ് ഭരണകൂടവുമായി നിലനിന്നിരുന്ന സംഘർഷത്തിനിടെയായിരുന്നു നടപടി. ഒക്ടോബർ 24ന് സേവനം സാധാരണ നിലയിലായതായി യുക്രെയ്ൻ അറിയിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി യുഎസ് പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സെലൻസ്കിയുടെ പുതിയ പ്രതികരണം. ഈ ആഴ്ച ആദ്യം അബുദാബിയിൽ യുഎസ് മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ സ്റ്റാർഷീൽഡ് തടസ്സത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്നും നിയന്ത്രണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും ഒരു യുക്രെയ്ൻ ഉദ്യോഗസ്ഥൻ പറഞ്ഞു. യുക്രെയ്ൻ റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം തുടരുന്നതിനിടെ, റഷ്യയും യുക്രെയ്നിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കും നഗരങ്ങൾക്കും നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഡബ്ലിനിൽ യൂറോപ്യൻ നേതാക്കളെ അഭിസംബോധന ചെയ്യവെ, യുക്രെയ്ൻ പ്രദേശത്തെ യുക്രെയ്ന്റേതല്ലെന്ന നിലയിൽ പരിഗണിക്കുന്ന തീരുമാനങ്ങൾ അമേരിക്കയിൽ ആരെങ്കിലും എടുക്കുന്നുണ്ടെങ്കിൽ അത് ആശങ്കാജനകമാണെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ
റഷ്യയ്ക്കെതിരായ പുതിയ ഉപരോധ പാക്കേജും യുക്രെയ്നുമായി ബന്ധപ്പെട്ട സാമ്പത്തിക നടപടികളും അടുത്ത യൂറോപ്യൻ കൗൺസിൽ യോഗത്തിന് മുമ്പ് അവതരിപ്പിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചു. നവംബർ 26, 27 തീയതികളിലാണ് പ്രത്യേക യൂറോപ്യൻ കൗൺസിൽ ഉച്ചകോടി. യുക്രെയ്നിലെ റഷ്യയുടെ പൂർണതോതിലുള്ള അധിനിവേശത്തിന് പിന്നാലെ യൂറോപ്യൻ യൂണിയൻ കൊണ്ടുവരുന്ന 22-ാമത്തെ ഉപരോധ പാക്കേജായിരിക്കും ഇത്.
ബാങ്കുകൾ, ക്രിപ്റ്റോകറൻസികൾ, ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കെതിരായ നിയന്ത്രണങ്ങളും മൂന്നാം രാജ്യങ്ങൾ വഴി ഉപരോധം മറികടക്കാനുള്ള പഴുതുകൾ അടയ്ക്കുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടുമെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥർ നൽകുന്ന സൂചന. യൂറോപ്യൻ യൂണിയനിൽ നടക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശവും പരിഗണനയിലുണ്ട്.
സെന്റ് പീറ്റേഴ്സ്ബർഗിൽ കാർ ബോംബ് സ്ഫോടനം; റഷ്യൻ സൈനികൻ കൊല്ലപ്പെട്ടു
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ സൈനികൻ ഓടിച്ചിരുന്ന കാറിലുണ്ടായ സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. യുക്രെയ്നെതിരെ റഷ്യ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. നഗരത്തിലെ പുഷ്കിൻസ്കി ജില്ലയിൽ സൈനിക പൊലീസ് പ്രദേശം വളഞ്ഞ് ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനത്തിൽ തകർന്ന ഇരുണ്ട നീല എസ്യുവി റോഡിൽ അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ യാത്രാബസിനും കേടുപാടുകൾ സംഭവിച്ചതായി ദൃശ്യങ്ങളിൽ കാണാം.
റഷ്യൻ സൈനിക ഉദ്യോഗസ്ഥരെയും യുദ്ധവുമായി ബന്ധപ്പെട്ട വ്യക്തികളെയും ലക്ഷ്യമിട്ടുള്ള മുൻകാല കൊലപാതകങ്ങൾക്ക് പിന്നിൽ യുക്രെയ്നാണെന്ന് റഷ്യ ആരോപിച്ചിരുന്നു. ചില സംഭവങ്ങളുടെ ഉത്തരവാദിത്തം യുക്രെയ്ൻ കേന്ദ്രങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും മറ്റു ചിലതിൽ പങ്കില്ലെന്ന് നിഷേധിച്ചിട്ടുണ്ട്. അതേ ജില്ലയിൽ ഓഗസ്റ്റ് 27ന് നടന്ന മറ്റൊരു കാർ സ്ഫോടനത്തിലും ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. മോസ്കോയിലും 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലും അടുത്ത മാസങ്ങളിൽ സമാനമായ കാർ ബോംബ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
- റോയിട്ടേഴ്സ് റിപ്പോർട്ട്.