ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ സൈറ്റുകൾ പൂർണ്ണമായും നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ (Keir Starmer) പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ ഗെയിമിങ്, ലൈവ് സ്ട്രീമിങ് സൈറ്റുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആഗോളതലത്തിൽ തന്നെ സാങ്കേതികവിദ്യയ്ക്ക് മേൽ കൊണ്ടുവരുന്ന ഏറ്റവും ശക്തമായ ഓൺലൈൻ വിലക്കുകളിൽ ഒന്നായിരിക്കും ഇത്. തിങ്കളാഴ്ചയാണ് കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിക്കുക എന്നത് തന്നെയാണ് ശരിയായ തീരുമാനമെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കീർ സ്റ്റാമർ പറഞ്ഞു. ഇത് നടപ്പിലാക്കുക എളുപ്പമല്ലെങ്കിലും, വൻകിട ആഗോള ടെക് കമ്പനികളുടെ (Big Tech) അനിയന്ത്രിതമായ സ്വാധീനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കൃത്യമായ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെക് കമ്പനികൾക്ക് നേരെ യുകെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രായപരിശോധന കർശനമാക്കൽ, അൽഗോരിതങ്ങളിൽ മാറ്റം വരുത്തൽ, മൊബൈൽ ഫോണുകൾ വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയൽ തുടങ്ങിയ നിബന്ധനകൾ ഇതിനകം തന്നെ ബ്രിട്ടൻ നടപ്പിലാക്കിയിരുന്നു. എന്നാൽ കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കടുത്ത വിലക്കിലേക്ക് പോകാൻ രാജ്യം തീരുമാനിച്ചത്.
വഴികാട്ടിയായി ഓസ്‌ട്രേലിയൻ മാതൃക; പിന്തുണയുമായി ഭൂരിഭാഗം മാതാപിതാക്കളും:
കഴിഞ്ഞ വർഷം (2025 ഡിസംബറിൽ) 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ടോക് (TikTok), യൂട്യൂബ് (YouTube), ഇൻസ്റ്റാഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) എന്നിവ വിലക്കിക്കൊണ്ട് ലോകത്താദ്യമായി ഓസ്‌ട്രേലിയയാണ് ഈ മാതൃക കൊണ്ടുവന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും യുകെയിലെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചുമാണ് പുതിയ നിയമ നിർമ്മാണത്തിലേക്ക് ബ്രിട്ടൻ കടക്കുന്നത്. വരും ആഴ്ചകളിൽ പാർലമെന്റിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ നേതൃത്വ വെല്ലുവിളികൾ (Leadership challenge) നേരിടാൻ സാധ്യതയുള്ള സ്റ്റാമർ, ഇത്തരം ശക്തമായ നടപടികൾ ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുന്നോടിയായി അധ്യാപകർ, മാതാപിതാക്കൾ, യുവാക്കൾ എന്നിവരിൽ നിന്നും യുകെ സർക്കാർ അഭിപ്രായശേഖരണം നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച 1,16,000-ത്തിലധികം പ്രതികരണങ്ങളിൽ 83 ശതമാനം മാതാപിതാക്കളും സോഷ്യൽ മീഡിയയുടെ ഗുണങ്ങളേക്കാൾ കൂടുതൽ ദോഷങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ 90 ശതമാനം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 16 ആക്കി നിശ്ചയിക്കുന്നതിനെ പൂർണ്ണമായി പിന്തുണച്ചു. എന്നാൽ, ഇത്തരം നിരോധനങ്ങൾ പ്രായോഗികമായി വിജയിക്കുമോ എന്നതിൽ ചില മനശാസ്ത്രജ്ഞരും ഗവേഷകരും ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നുണ്ട്.