യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഇരട്ട പൗരത്വമുള്ളവർക്ക് കാലാവധി കഴിഞ്ഞ ബ്രിട്ടീഷ് പാസ്‌പോർട്ട് ഉപയോഗിച്ച് യുകെയിൽ പ്രവേശിക്കാൻ താൽക്കാലിക അനുമതി നൽകി. എന്നാൽ, ഇത് പൂർണ്ണമായും വിമാനക്കമ്പനികളുടെയും മറ്റ് യാത്രാ സേവനദാതാക്കളുടെയും (Carriers) തീരുമാനത്തിന് വിധേയമായിരിക്കും. നേരത്തെ നിലവിൽ വന്ന കർശന നിയമങ്ങൾ പ്രകാരം, യാത്ര ചെയ്യാൻ സാധുവായ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പാസ്‌പോർട്ട് നിർബന്ധമായിരുന്നു.
പുതിയ നിർദ്ദേശപ്രകാരം, 1989-നോ അതിനുശേഷമോ ഇഷ്യൂ ചെയ്തതും കാലാവധി കഴിഞ്ഞതുമായ ബ്രിട്ടീഷ് പാസ്‌പോർട്ടും, അതോടൊപ്പം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന് (ETA) അർഹതയുള്ള മറ്റൊരു രാജ്യത്തിന്റെ നിലവിൽ കാലാവധിയുള്ള പാസ്‌പോർട്ടും കൈവശമുണ്ടെങ്കിൽ യാത്ര അനുവദിച്ചേക്കാം. രണ്ട് പാസ്‌പോർട്ടുകളിലെയും വിവരങ്ങൾ കൃത്യമായി ഒത്തുനോക്കിയ ശേഷം മാത്രമേ വിമാനക്കമ്പനികൾ യാത്രക്കാരെ അനുവദിക്കൂ. യുകെയിലെ ഇമിഗ്രേഷൻ വിഭാഗം കൂടുതൽ പരിശോധനകൾ നടത്തിയേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മുൻകൂട്ടി അറിയിപ്പുകൾ നൽകാതെ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് യാത്രക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഫെബ്രുവരി 25 മുതൽ പുതിയ നിയമങ്ങൾ കർശനമാക്കാനാണ് യുകെ ഹോം ഓഫീസിന്റെ തീരുമാനം. എന്നാൽ, കൃത്യമായ ആശയവിനിമയം നടത്താതെ നടപ്പിലാക്കുന്ന ഈ നയം ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യാത്രാ ഏജൻസികൾ കുറ്റപ്പെടുത്തി.