യുഎഇ ഒപെക് വിടുന്നു 
World

ഗ്ലോബൽ ഓയിൽ വിപണിയിൽ വൻ മാറ്റം; യുഎഇ ഒപെക് വിടുന്നു

ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ അസാധാരണമായ ഊർജ്ജ പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ഭിന്നതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഒപെക് വിടാനുള്ള യുഎഇയുടെ നാടകീയ നീക്കം

Elizabath Joseph

ലോകത്തെ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന് (OPEC) കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സംഘടന വിടുന്നു. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ അസാധാരണമായ ഊർജ്ജ പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ഭിന്നതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഒപെക് വിടാനുള്ള യുഎഇയുടെ നാടകീയ നീക്കം. ഉൽപ്പാദന ക്വോട്ടകളെയും പ്രാദേശിക സുരക്ഷയെയും ചൊല്ലിയുള്ള തർക്കങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. യുഎഇയുടെ വിടവാങ്ങൽ ലോകത്തെ ഏറ്റവും വലിയ എണ്ണക്കൂട്ടായ്മയായ ഒപെക്കിന്റെ സ്വാധീനം ഗണ്യമായി കുറയ്ക്കാൻ കാരണമാകും.

ഇറാൻ ഭീഷണിയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തങ്ങൾക്ക് ലഭിക്കേണ്ട രാഷ്ട്രീയ-സൈനിക പിന്തുണ ലഭിക്കുന്നില്ലെന്ന് യുഎഇ വിമർശിച്ചിരുന്നു. ഒപെക് പ്ലാറ്റ്‌ഫോമിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നത് വഴി കുറഞ്ഞ ചിലവിൽ കൂടുതൽ എണ്ണ വിപണിയിലെത്തിക്കാനും ആഗോള ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെന്നാണ് യുഎഇയുടെ കണക്കുകൂട്ടൽ. ഇത് എണ്ണ വില കുറയാനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകാനും സാധ്യതയുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻപത്തെ നിലപാടുകൾക്ക് കരുത്ത് പകരുന്നതാണ് യുഎഇയുടെ ഈ തീരുമാനം. എണ്ണവില വർദ്ധിപ്പിച്ച് ഒപെക് ലോകത്തെ ചൂഷണം ചെയ്യുകയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഒപെക് വിടുന്നതോടെ തങ്ങളുടെ എണ്ണ ഉൽപ്പാദന ശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്താൻ യുഎഇക്ക് സാധിക്കും. ആഗോള വിപണിയിൽ എണ്ണ ലഭ്യത വർദ്ധിപ്പിക്കാനും കൂടുതൽ വിശ്വസനീയമായ ഊർജ്ജ വിതരണം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് യുഎഇ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT