ഭൂചലനത്തെ തുടർന്ന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.  (AFP)
World

ഇന്തോനേഷ്യയിൽ 7.7 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

കിഴക്കൻ നുസ തെൻഗാര, പടിഞ്ഞാറൻ നുസ തെൻഗാര, സൗത്ത് സുലവേസി, തെക്കുകിഴക്കൻ സുലവേസി പ്രവിശ്യകളിലെ ചില പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

Safvana Jouhar

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയ്ക്ക് സമീപം കടലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടർന്ന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ശക്തമായ ആദ്യ ചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടു. തീരപ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും മാറാൻ അധികൃതർ നിർദേശം നൽകി.

ഇന്തോനേഷ്യൻ Meteorology, Climatology and Geophysics Agency കിഴക്കൻ നുസ തെൻഗാര, പടിഞ്ഞാറൻ നുസ തെൻഗാര, സൗത്ത് സുലവേസി, തെക്കുകിഴക്കൻ സുലവേസി പ്രവിശ്യകളിലെ ചില പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കടൽത്തീരങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും അകന്നു നിൽക്കാനും ജനങ്ങളോട് നിർദേശിച്ചു. ഫ്ലോറസ് ദ്വീപിന് സമീപം ആഴം കുറഞ്ഞ കടൽപ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക വിവരം. തീരപ്രദേശങ്ങളിലെ ജലനിരപ്പിൽ മാറ്റമുണ്ടാകുന്നുണ്ടോയെന്ന് അധികൃതർ നിരീക്ഷിച്ചുവരികയാണ്.

ഭൂചലനത്തിൽ ആളപായം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഫ്ലോറസ് ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകളുണ്ട്.

കിഴക്കൻ നുസ തെൻഗാരയിലെ സിക്ക മേഖലയിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രദേശവാസിയായ യോഹന്ന എംബു പറഞ്ഞു. മൗമേറിലെ തുറമുഖ ടെർമിനലിലെ കാത്തിരിപ്പ് മുറി തകർന്നതായും അവർ പറഞ്ഞു. സിക്കയിലെ സെന്റ് പീറ്റർ മേജർ സെമിനാരിയിൽ രാവിലെ കുർബാന നടക്കുന്നതിനിടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതിനെ തുടർന്ന് വിദ്യാർഥികളും കന്യാസ്ത്രീകളും പരിഭ്രാന്തരായി പുറത്തേക്ക് ഓടിയതായി സെമിനാരി റെക്ടർ ഫാ. ഗൈഡൽബെർട്ടസ് ടാംഗ പറഞ്ഞു. ഭൂചലനത്തിനിടെ രണ്ടാം നിലയിൽ നിന്ന് ചാടിയ ഒരു വൈദികന്റെ കാലിന് ഒടിവുണ്ടായതായും അദ്ദേഹം അറിയിച്ചു.

-Joseph Sahyoun and Associated Press

SCROLL FOR NEXT