ലണ്ടൻ: പശ്ചിമേഷ്യൻ യുദ്ധം ആഗോള പ്രതിസന്ധിയായി വളരവെ, അമേരിക്കയെ സഹായിക്കാൻ വിമുഖത കാട്ടുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന യുഎസ് ആവശ്യം തള്ളുന്നത് നാറ്റോ സഖ്യത്തിന് 'വളരെ മോശം ഭാവി' നൽകുമെന്ന് അദ്ദേഹം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളുമായി ട്രംപ് ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കാതെ നേരിട്ട് ഇടപെടാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായിട്ടില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ അമേരിക്കയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും, ഒരു വിപുലമായ യുദ്ധത്തിലേക്ക് ബ്രിട്ടൻ്റെ സൈന്യത്തെ വലിച്ചിഴക്കില്ലെന്ന് കൂട്ടിച്ചേർത്തു. അതേസമയം, യുദ്ധം തുടരുന്നത് ഇറാനിൽ നിന്ന് യൂറോപ്പിലേക്ക് വലിയൊരു അഭയാർത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് യൂറോപ്യൻ യൂണിയൻ ഭയപ്പെടുന്നു. ഈ സാഹചര്യം നേരിടാൻ നയതന്ത്രപരമായ നീക്കങ്ങൾ നടത്തുമെന്ന് ഇയു പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഫ്രാൻസ്, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ സംഘർഷം കുറയാൻ കാത്തിരിക്കുകയാണ് അവർ.
അതിനിടെ, ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ 'പരിമിതമായ' കരയുദ്ധം (Ground Operation) ആരംഭിച്ചു. തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പകരമായി മാർച്ച് രണ്ടിന് ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് ലെബനൻ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തി സുരക്ഷിതമാകുന്നത് വരെ ആക്രമണം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.