വാഷിംഗ്ടൺ: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കിയ 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' (Lindsey O. Graham Sanctioning Russia and Iran Act of 2026) ആണ് ട്രംപ് ഒപ്പുവെച്ച് നിയമമാക്കിയത്. ഇതോടെ റഷ്യൻ ഇന്ധനത്തിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും കടുത്ത താരിഫ് ഭീഷണിയിലായി.
നിയമം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനകം റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങുന്ന അഞ്ച് മുൻനിര രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% വരെ അധിക തീരുവ ചുമത്താൻ പുതിയ നിയമം യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നു. യുക്രെയ്ൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 52 ശതമാനത്തോളവും റഷ്യയിൽ നിന്നായിരുന്നു. അതേസമയം, രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളും സാമ്പത്തിക സുരക്ഷയും മുൻനിർത്തിയാണ് നയങ്ങൾ രൂപീകരിക്കുന്നതെന്നും വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.