വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, അമേരിക്കയിലെ ഇന്ധനവില വർധനവ് സൃഷ്ടിച്ച കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിന് പിന്നാലെ യുക്രൈൻ വിഷയത്തിൽ നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ ഡീസൽ വാങ്ങാനുള്ള വിവാദ കരാർ പ്രഖ്യാപിച്ച ട്രംപ്, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിക്കുകയും യുക്രൈന് "പുതിയൊരു പ്രസിഡന്റിനെ വേണമെന്ന്" പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് റഷ്യ ഉടൻ തന്നെ 3 ലക്ഷം ടൺ ഡീസലും, നവംബറിൽ 5 ലക്ഷം ടണ്ണും തുടർന്ന് 40 ലക്ഷം ടൺ ഡീസലും യുഎസിന് കൈമാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി റഷ്യൻ ഡീസൽ കയറ്റുമതിക്കുമേലുള്ള യുഎസ് ഉപരോധം അടുത്ത വർഷം ഏപ്രിൽ വരെ ട്രഷറി ഡിപ്പാർട്ട്മെന്റ് മരവിപ്പിക്കുകയും ചെയ്തു. അമേരിക്കൻ ഫാർമർമാർക്കും സാധാരണക്കാർക്കും ഇന്ധനവില കുറയ്ക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാൽ യുക്രൈൻ റഷ്യൻ റിഫൈനറികൾ ആക്രമിക്കുന്നതാണ് അന്താരാഷ്ട്ര തലത്തിൽ ഡീസൽ വില ഗാലന് 6 ഡോളറിന് മുകളിൽ ഉയരാൻ കാരണമെന്നാണ് ട്രംപിന്റെ ആരോപണം. റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള യുഎസ് നീക്കം പുടിന്റെ യുദ്ധതന്ത്രങ്ങൾക്ക് ധനസഹായം നൽകുന്ന സമ്മാനമാണെന്ന് സെലെൻസ്കി രൂക്ഷമായി പ്രതികരിച്ചു. യുക്രൈൻ സൈന്യത്തിനുള്ള ഇന്റലിജൻസ് വിവരങ്ങളും പ്രതിരോധ ആയുധങ്ങളും നൽകുന്നത് വെട്ടിച്ചുരുക്കുമെന്ന് യുഎസ് യൂറോപ്യൻ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ട്രംപിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള തന്ത്രം മാത്രമാണെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ വിമർശിച്ചു. അതേസമയം, സെലെൻസ്കിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുകെ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം കൂടുതൽ കർശനമാക്കുമെന്ന് യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കി.