പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച് എട്ട് ദിവസം പിന്നിടുമ്പോൾ ഇറാന്റെ 'നിരുപാധികമായ കീഴടങ്ങൽ' ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ടെഹ്‌റാനിലും ബെയ്‌റൂട്ടിലും ആക്രമണം ശക്തമാക്കുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചു. മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടെന്ന ഇറാന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. "നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ല" എന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം ശക്തമായതോടെ ഇറാനിൽ 1,230 പേരും ലബനനിൽ 217 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൂഗർഭ ബങ്കർ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ മിസൈലുകൾ ദോഹ, അബുദാബി, തെൽ അവീവ് എന്നിവിടങ്ങളിൽ പതിച്ചതായും ബഹ്‌റൈനിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ടതായും റിപ്പോർട്ടുകളുണ്ട്. ലബനനിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ഏകദേശം ഒരു ലക്ഷത്തോളം പേർ അഭയാർത്ഥികളായെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഇറാന്റെ അടുത്ത നേതാവായി മൊജ്താബ ഖമേനിയെ അംഗീകരിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുമെന്നും അതിന് ശേഷം പുതിയൊരു നേതൃത്വത്തിന് കീഴിൽ ഇറാനെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ഇസ്രായേൽ ധനമന്ത്രി ബെസാലൽ സ്മോട്രിച്ചിന്റെ മകന് അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. ലബനന്റെ ഭാഗങ്ങൾ ഗാസയെപ്പോലെയാക്കുമെന്ന് സ്മോട്രിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.